ജീവന് ചേര്‍ത്തുപിടിക്കാന്‍ മാലാഖമാര്‍ ഒത്തുകൂടി
ജീവന് ചേര്‍ത്തുപിടിക്കുക എന്ന സന്ദേശവുമായി ഭൂമിയിലെ ഒരുകൂട്ടം മാലാഖമാര്‍ ഒത്തുചേര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ്, ആര്.സി.സി., റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി എന്നിവിടങ്ങളിലെ നഴ്സുമാര്‍ ജീവന് ചേര്‍ത്തുപിടിക്കുക എന്ന സന്ദേശവുമായി എസ്.എ.ടി. ആശുപത്രിയില്‍ ഒത്തുകൂടി. നഴ്സിംഗ് തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എസ്.എ.ടി. ആശുപത്രിയിലെ നഴ്സിംഗ് വിഭാഗമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നഴ്സുമാരുടെ അറിവ് മെച്ചപ്പെടുത്തുക, രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക, പെരുമാറ്റം മെച്ചപ്പെടുത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
നഴ്സിങ്ങിന്റെ വേരുതേടിപ്പോയാല് നാം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നില്‍ ചെന്നെത്തും. ബൈബിളില്‍ പോലും നഴ്സിങ്ങിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച പല പ്രമുഖ വനിതകളെയും നമുക്കു പരിചയപ്പെടാനാകും. നമ്മുടെ ആരോഗ്യപരിപാലന രംഗത്തെ ഏറ്റവും വലിയ പ്രൊഫഷണല്‍ വിഭാഗം നഴ്സുമാരുടേതാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 141 രാജ്യങ്ങളിലായി ഇന്ന് 90,00,000ത്തിലധികം നഴ്സുമാരും മിഡ്വൈഫുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. നാഡിമിടിപ്പു പരിശോധിക്കുന്നതും രക്തസമ്മര്‍ദം അളക്കുന്നതും മാത്രമല്ല ഒരു നഴ്സിന്റെ ജോലി. രോഗിയെ രോഗത്തില്‍നിന്നു കൈപിടിച്ചു കയറ്റുന്നതില്‍ നഴ്സ് അതിപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. രോഗിയുടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് ശമനം നല്‍കാനും മനസ്സിന്റെ നൊമ്പരം അകറ്റാനും ചികിത്സയെ വിഷമകരമാക്കുന്ന പുതിയ സാഹചര്യങ്ങള്‍ കഴിയുന്നത്ര ഉണ്ടാകാതെ ശ്രദ്ധിക്കാനും അവര്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ കടമയിലുമധികം ചെയ്യുന്നവരാണ് പല നഴ്സുമാരും. എന്നാല്‍ ഇന്ന് പല ആശുപത്രികളിലും നഴ്സുമാര്‍ അടിമപ്പണിയാണ് ചെയ്യുന്നത്. ഭൂമിയിലെ മാലാഖമാര്‍ എന്ന് വിശേഷിപ്പിക്കപെപ്ടുന്ന ഇവരെ അടിമകളെപ്പെലെ ജോലി ചെയ്യിക്കുന്നു.
നഴ്സുമാരുടെ രജിസ്ട്രേഷന് 5 വര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്നാണ് കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സിലിന്റെ തീരുമാനം. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 മണിക്കൂര്‍ നഴ്സിംഗ് തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ നഴ്സുമാര്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. എങ്കില്‍ മാത്രമേ നഴ്സുമാരുടെ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയുകയുള്ളൂ. ഇതിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. നന്ദിനി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സൂസന് ഉതുപ്പ്, ജനറല്‍ ആര്.എം.ഒ. ഡോ. സംഗീത മേനോന്, പീഡിയാട്രിക് ആര്.എം.ഒ. ഡോ. ദേവകുമാര്‍, നഴ്സിംഗ് ഓഫീസര്‍ സെലിന് തോമസ്, സ്റ്റാഫ് വെല്‍ഫെയര്‍ കണ്‍വീനര്‍ ബിജു കരിയം എന്നിവര്‍ പങ്കെടുത്തു.