കൊച്ചിക്കു പിന്നാലെ 'മാസ്മര പാനീയ'ങ്ങളുമായി സുബോധം തിരുവനന്തപുരത്തും
നവവത്സര ദിനത്തില്‍ കൊച്ചിയില്‍ കോളിളക്കമുണ്ടാക്കിയത് 'റെഡ് ലേഡി' ആയിരുന്നെങ്കില്‍ തിരുവനന്തപുരത്താരംഭിച്ച സുബോധം സമ്മേളനത്തിലെത്തുന്ന 'മാസ്മര പാനീയ'ങ്ങള്‍ പലതാണ്. മദ്യപാനത്തിനെതിരെ ബോധവല്‍കരണം നടത്തുന്ന സര്‍ക്കാര്‍ പദ്ധതിയായ സുബോധം കേരളത്തില്‍ അവതരിപ്പിച്ചു തുടങ്ങിയ ആരോഗ്യ പാനീയങ്ങളില്‍ 'ഐസ് ടീ' ആണ് കഴിഞ്ഞ ദിവസം ടാഗോര്‍ തിയേറ്ററിലെ ഉദ്ഘാടന സമ്മേളത്തില്‍ നല്‍കിയത്. നാരങ്ങയും കറുവപ്പട്ടയും മറ്റും ചേര്‍ത്താണ് ഈ ഊര്‍ജദായക പാനീയം തയാറാക്കിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ മറ്റു പാനീയങ്ങളും അവതരിപ്പിക്കുമെന്ന് സുബോധത്തിന്റെ മാജിക് ഡ്രിങ്ക്‌സ് പദ്ധതിയനുസരിച്ച് ഇവ തയാറാക്കുന്ന പ്രശസ്ത ഷെഫും യു.എസ്.എസ്.ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ ശ്രീകാന്ത് മാണിക്കോത്ത് പറഞ്ഞു. സുബോധം മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.അമ്പാടിയാണ് പദ്ധതിയുടെ സൂത്രധാരന്‍.
ബീറ്റ് റൂട്ട് അടിസ്ഥാനമാക്കി ശ്രീകാന്ത് തയാറാക്കിയ റെഡ് ലേഡി കൊച്ചിയില്‍ വന്‍ ഹിറ്റായിരുന്നു. 8000 ഗ്ലാസ് പാനീയമാണ് അന്ന് ചെലവായത്. ഇത് വില്പനയ്ക്കായിരുന്നില്ല. കരിക്കിന്‍വെള്ളം, നറുനീണ്ടി, മിന്റ്, വെള്ളരിക്ക, പാല്‍ എന്നീ പ്രകൃതിദത്ത ചേരുവകളെ അടിസ്ഥാനമാക്കി 101 തരം പാനീയങ്ങളാണ് സുബോധം മാജിക് ഡ്രിങ്ക്‌സ് പദ്ധതിയുടെ ഭാഗമായി തയാറാക്കുന്നതെന്ന് ഡോ.അമ്പാടി പറഞ്ഞു. സുഗന്ധദ്രവ്യങ്ങളും ഇവയില്‍ ഉപയോഗിക്കും. ശരീരത്തിലെ ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുകയാണ് ഈ പാനീയങ്ങളുടെ പ്രധാന ലക്ഷ്യം. ഇവ നീരയുടെ മാതൃകയില്‍ വഴി ക്രമേണ വിപണിയിലിറക്കാനാണ് പദ്ധതിയെന്ന് ഡോ.അമ്പാടി പറഞ്ഞു. ചേരുവകളോ സത്തോ നല്‍കിയശേഷംപാനീയങ്ങള്‍ ഉല്പാദിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. ഷെയ്ക്കുകള്‍, സ്മൂതികള്‍ എന്നിങ്ങനെ പലതരം പാനീയങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
പുതുവര്‍ഷത്തില്‍ കൊച്ചിയില്‍ സുബോധം, എറണാകുളംജില്ലാ ഭരണകൂടം, കൊച്ചി മെട്രോഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, മീഡിയ ഐലന്റ് എന്നിവ സംയുക്തമായാണ് വിവ ലാ വിദ 2016 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. പുതുവത്സരത്തലേന്ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി. ആദ്യമെത്തിയ 2000 പേര്‍ക്കായിരുന്നു അന്ന് പരിപാടിയില്‍ പ്രവേശനം ലഭിച്ചത്. മദ്യപിച്ചെത്തുന്നവരെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാനായി പ്രവേശന കവാടത്തില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയ ശേഷമായിരുന്നു ഓരോരുത്തരേയും കടത്തിവിട്ടത്. കാടാതെ ഓരോരുത്തര്‍ക്കും മദ്യം കലരാത്ത മാജിക് ഡ്രിങ്ക് എന്ന പാനീയവും അന്ന് സൗജന്യമായി വിതരണം ചെയ്തു. ഇതിനു പുറമെ നീര, കുലുക്കി സര്‍ബത്ത് എന്നിവയും ലഭ്യമാക്കി. ലഹരിവിമുക്തമായ പുതുവത്സരം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണ് സുബോധം അന്ന് ഒരുക്കിയത്.
മദ്യത്തിനെതിരെയുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി ലോകത്താദ്യമായാണ് ഇത്തരമൊരു സര്‍ക്കാര്‍ ഉദ്യമം. മദ്യത്തിനുപകരമല്ല ഇത്തരം പാനീയങ്ങള്‍ വിപണിയിലെത്തുന്നതെന്ന് ഡോ.അമ്പാടി പറഞ്ഞു. പ്രകൃതിദത്തമായ ചേരുവകളുപയോഗിച്ച് നിര്‍മിച്ച ഇവയിലൂടെ ആരോഗ്യം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. വിദേശികളടക്കം നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന സുബോധത്തിന്റെ ലഹരി വിരുദ്ധ സമ്മേളനം ഇന്നലെയാരംഭിച്ച് വെള്ളിയാഴ്ച സമാപിക്കും. സമ്മേളനങ്ങളിലും സെഷനുകളിലെ ഇടവേളകളിലുമെല്ലാം വിതരണം ചെയ്യുന്നത് മാസ്മര പാനീയങ്ങളാണ്. ഇടവേളകള്‍ക്ക് പേരിട്ടിരിക്കുന്നതും മാജിക് ഡ്രിങ്ക്‌സ് ബ്രേക്ക് എന്നാണ്.