ഗവ. നഴ്സിംഗ് കോളേജില്‍ നവജാത ശിശു പരിചരണ ശില്പശാല
നവജാത ശിശു വാരാഘോഷത്തിന്റെ ഭാഗമായി ഗവ. നഴ്സിംഗ് കോളേജില്‍ ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിംഗ് വിഭാഗവും എം.എസ്.സി. നഴ്സിംഗ് വിദ്യാര്‍ത്ഥികളും സംയുക്തമായി ഏകദിന നവജാത ശിശു പരിചരണ ശില്പശാല സംഘടിപ്പിച്ചു. നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ദേശീയ തലത്തില്‍ തന്നെ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ പരിചരണത്തില്‍ പരിശീലനം സിദ്ധിച്ച നഴ്സുമാരുടെ സേവനം വളരെ വലുതാണ്. ഈയൊരു സാഹചര്യത്തില്‍ നവജാത ശിശുക്കളുടെ പരിചരണത്തിലെ നൂതന മാര്‍ഗങ്ങളെപ്പറ്റി നഴ്സുമാരില്‍ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു ശില്പശാല സംഘടിപ്പിച്ചത്.
അത്യാഹിത രോഗീ പരിചരണം, സര്‍ജറിക്ക് മുമ്പും ശേഷവുമുള്ള പരിചരണം തുടങ്ങി നവജാത ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ശില്പശാലയില് ചര്‍ച്ച ചെയ്തു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. എസ്.എ.ടി. ആശുപത്രി ശിശു പരിചരണ വിഭാഗം മേധാവി ഡോ. ശോഭ കുമാര്‍, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നിര്‍മ്മല എല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ജോസ്, അസോ. പ്രൊഫസര്‍ ഡോ. പ്രേമലത ടി., അസി. പ്രൊഫസര്‍ പ്രിയ ടി.എസ്. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.