കേരളത്തിലെ ക്ഷയരോഗ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കേരളത്തിലെ ക്ഷയരോഗ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

Thursday February 18, 2016,

2 min Read


കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ ക്ഷയരോഗ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. പോഷകാഹാരത്തിന്റെ അഭാവവും വര്‍ധിച്ച ചികിത്സാ ചെലവുമാണ് ക്ഷയരോഗികളെ ചികിത്സയില്‍ നിന്നുമകറ്റുന്നത്. ഇത്തരം രോഗികളെ സഹായിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ നാഷണല്‍ പ്രൊഫഷണല്‍ ടി.ബി. ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് തിരുവനന്തപുരത്ത് നടന്ന ക്ഷയരോഗ നിയന്ത്രണ ചികിത്സാ-വിദഗ്ധരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞു. 15 മുതല്‍ 20 ശതമാനത്തോളം ക്ഷയരോഗികളേയും കണ്ടെത്തുന്നത് മെഡിക്കല്‍ കോളേജുകള്‍ വഴിയാണ്. ശ്വാസകോശത്തിന് പുറമേയുള്ള അവയവങ്ങളെ ബാധിക്കുന്ന 50 ശതമാനത്തോളം ക്ഷയരോഗത്തേയും കണ്ടു പിടിക്കുന്നതും മെഡിക്കല്‍ കോളേജ് വഴിയാണ്. ഒന്നിടവിട്ടുള്ള മരുന്നിന് പകരം ദിനംപ്രതി മരുന്ന് നല്‍കുന്ന ചികിത്സാവിധികളാണ് ഇനിമുതല്‍ അവലംബിക്കുന്നത്.

image


സാംക്രമിക രോഗങ്ങളില്‍ ഇന്നും ലോകത്തെ ഒന്നാംകിട കൊലയാളിയാണ് ക്ഷയരോഗം. പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി ലോക ജനതയുടെ മൂന്നില്‍ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും തീവ്ര രോഗം ഉണ്ടായേക്കാം. ക്ഷയരോഗ ബാധയാലാണ് മിക്ക എച്ച് ഐ വി ബാധിതരും മരണമടയുന്നത്.

ലോകത്തില്‍ ഏറ്റവുമധികം ക്ഷയരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും ഇന്ത്യയില്‍ 22 ലക്ഷത്തോളം ക്ഷയരോഗികളുണ്ടാവുന്നുണ്ട്. അതില്‍ രണ്ടു ലക്ഷത്തോളം പേരാണ് മരിക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം ഇരുപത്തിനാലായിരത്തിലധികം ക്ഷയരോഗികളുണ്ടാവുന്നതില്‍ ആയിരത്തോളം പേരാണ് മരിക്കുന്നത്. ഇത്തരം ഗുരുതരമായ അവസ്ഥയില്‍ ക്ഷയരോഗ നിയന്ത്രണത്തിന് രൂപീകൃതമായ പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പരിപാടി പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എല്ലാ മെഡിക്കല്‍ കോളേജുകളേയും ഉള്‍പ്പെടുത്തി 6 മേഖലകളായി തിരിച്ചാണ് ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ കര്‍മ്മ സേനയുടെ ചെയര്‍മാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായ ഡോ. തോമസ് മാത്യുവാണ്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒരു മുതിര്‍ന്ന ക്ഷയരോഗ ചികിത്സാ വിദഗ്ധന്റെ നേതൃത്വത്തില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജനത്തിനായി ഒരോ കര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്.

image


കേരളം ആതിഥ്യമരുളിയ ദേശീയ കര്‍മ്മ സേനയുടെ ആദ്യ ദേശീയ സമ്മേളനമായിരുന്നു ഇത്. സംസ്ഥാന ടി.ബി. നിയന്ത്രണ സെല്‍, തിരുവന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഈ സമ്മേളനം നടന്നത്. ഇന്ത്യയില്‍ നടത്തിവരുന്ന ക്ഷയരോഗ ചികിത്സാ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ദേശീയ ക്ഷയരോഗ ചികിത്സാ രംഗത്ത് ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന ചുവടുവയ്പ്പുകളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുകയും ചെയ്തു.