പന്തളം പാലം നവംബര്‍ 30നകം തുറക്കും

പന്തളം പാലം നവംബര്‍ 30നകം തുറക്കും

Wednesday October 26, 2016,

2 min Read

പന്തളം കുറുന്തോട്ടയം പാലത്തിന്റെ പണി പൂര്‍ത്തിയാക്കി നവംബര്‍ 30നകം തുറക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. നവംബര്‍ 15നകം പാലത്തിലൂടെ നടന്നുപോകുന്നതിനുള്ള സംവിധാനമൊരുക്കും. 10നകം പാലം കോണ്‍ക്രീറ്റ് ചെയ്യും. സമാന്തര പാതകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കും. റോഡുകളില്‍ ആറു ഭാഷകളിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. പന്തളത്തെ സമാന്തര പാതികളില്‍ യാത്ര സുഗമമാക്കുന്നതിന് വണ്‍വേ ഏര്‍പ്പെടുത്തുന്നത് പോലീസ് പരിഗണിക്കും. 

image


ഗതാഗതം വഴി തിരിച്ചുവിടേണ്ട സ്ഥലങ്ങള്‍ പോലീസ് നിശ്ചയിച്ചിട്ടുണ്ട്. പന്തളത്ത് പോലീസ് എയ്ഡ് പോസ്റ്റും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഉണ്ടാവും. പന്തളത്ത് തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന മുറികളുടെ വാതിലും പന്തളം പോലീസ് സ്റ്റേഷനും തമ്മില്‍ അലാറം മുഖേന ബന്ധിപ്പിക്കും. പന്തളത്തെ താല്‍ക്കാലിക ഡിസ്‌പെന്‍സറികളില്‍ രണ്ട് ഷിഫ്റ്റുകളിലായി രാത്രി എട്ടുമണിവരെ ഡോക്ടര്‍മാരുടെ സേവനമുണ്ടാവും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കും. സംസ്ഥാനത്തെ ദേശീയ പാതയില്‍ 50 കിലോമീറ്ററിനിടയില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളോടനുബന്ധിച്ച് യാത്രിനിവാസ് മാതൃകയില്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവാഭരണ സംഘത്തോടൊപ്പം ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിനെ നിയോഗിക്കും. പന്തളത്ത് കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ പൈപ്പുകള്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന സംവിധാനവും ഇവിടെയുണ്ടാവും. നാല് നീന്തല്‍ വിദഗ്ധര്‍ ഉള്‍പ്പടെ 15 അംഗ അഗ്‌നിശമനസേന പന്തളത്തുണ്ടാവും. കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ സര്‍വീസ് നടത്തും. എക്‌സൈസ് വകുപ്പ് പന്തളത്ത് താല്‍ക്കാലിക പിക്കറ്റിംഗ് ഏര്‍പ്പെടുത്തും. എക്‌സൈസിന്റെ ഒരു സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പന്തളത്തുണ്ടാവും. ഭക്ഷണശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്ക് പരാതികള്‍ അറിയിക്കാനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല സീസണില്‍ വഴിയോര കച്ചവടക്കാര്‍ പന്തളത്തെ റോഡ് കയ്യേറി കച്ചവടം നടത്തുന്നത് നിയന്ത്രിക്കും. യാചകരെ ഏജന്റുമാര്‍ കൊണ്ടുവന്നിറക്കി ബിസിനസ് നടത്തുന്ന പ്രവണത പോലീസ് നിയന്ത്രിക്കും. മലബാര്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കൂടുതല്‍ വിരിവയ്പ്പ് കേന്ദ്രങ്ങളുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ അവലോകനത്തിനു മുന്നോടിയായി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടന്നു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, രാഘവന്‍, എഡിഎം അനു എസ്.നായര്‍, പന്തളം നഗരസഭ അധ്യക്ഷ ടി.കെ സതി, വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, അയ്യപ്പസേവാ സംഘം പ്രതിനിധികള്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    Share on
    close