മാതാപിതാക്കള്‍ കുട്ടികളുടെ വളര്‍ച്ചയുടെ ആണിക്കല്ല്
മാതാപിതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച ഊര്‍ജ്ജം കരുത്താക്കിയാണ് അന്നാ ഹസാരെയെന്ന പ്രക്ഷോഭകാരി വളര്‍ന്നു വന്നത്. അന്ന എന്നും ലളിതമായ ജീവിതം വെച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. തന്റെ പെരുമാറ്റത്തിലും ഭക്ഷണത്തിലുമടക്കം ലാളിത്യത്തോടു കൂടിയുള്ള ചിട്ടകളാണ് അന്നയുടേത്. വെള്ള ഖാദി കുര്‍ത്ത, തലയില്‍ ഗാന്ധിത്തൊപ്പി, പൂര്‍ണ സസ്യാഹാരി, ലഹരികളോടുള്ള വിരോധം എപ്പോഴും ജനങ്ങളെ സഹായിക്കുന്ന മനസ്ഥിതി, ഇതായിരുന്നു അന്നയെന്ന വ്യക്തിയുടെ ആകെത്തുക.
അന്നയുടെ സ്വഭാവത്തിലെ ഓരോ സവിശേഷതക്കു പിന്നിലും മാതാപിതാക്കളുടെ സ്വാധീനമുണ്ടായിരുന്നു. മാതാപിതാക്കളില്‍ നിന്ന് ചെറുപ്പകാലത്തു തന്നെ അന്ന നല്ല ഗുണങ്ങളെല്ലാം സ്വായത്തമാക്കി. അന്യായമെവിടെ കണ്ടാലും ചോദ്യം ചെയ്യുന്ന സ്വഭാവം അന്ന ചെറുപ്പത്തില്‍ തന്നെ ആര്‍ജ്ജിച്ചെടുത്തു. അടി കിട്ടാതിരിക്കാന്‍ അമ്മയെ സ്‌കൂളില്‍ കൊണ്ടു പോയി കള്ളം പറയിച്ച സംഭവത്തിന് ശേഷം അന്ന പിന്നീട് ജീവിതത്തില്‍ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല. ചെറുപ്പത്തില്‍ തന്നെ ജീവിതത്തിന്റെ നല്ല മൂല്യങ്ങള്‍ പറഞ്ഞു തന്ന അമ്മയാണ് അന്നയുടെ ഓര്‍മ്മയില്‍.
ആര്‍ക്കും ഒരു ദോഷവും ചെയ്യരുത്, മോഷ്ടിക്കാന്‍ പാടില്ല, ആരോടും വഴക്കുണ്ടാക്കരുത്, നാടിനു വേണ്ടി നല്ലതു ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞു അന്നയുടെ മനസിലേക്ക് പകര്‍ന്നു നല്‍കിയത് അമ്മയാണ്. ബാക്കിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ നിനക്ക് നല്ലത് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും നിനക്കു സാധിക്കുന്നതു പോലെ നീ എപ്പോഴും നല്ലതു ചെയ്യണം. അമ്മയുടെ ഇത്തരം വാക്കുകള്‍ അന്നയുടെ മനസിനെ ആഴത്തില്‍ സ്വാധീനിച്ചു. എന്റെ അമ്മയുടെ പക്കല്‍ ധാരളം പണമുണ്ടായിരുന്നില്ല. എന്നാല്‍ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ കടമകളെക്കുറിച്ചും അമ്മ പറഞ്ഞു തന്ന വാക്കുകള്‍ എന്നെ സാംസ്‌കാരികമായി സമ്പന്നനാക്കി. രാപ്പകല്‍ അധ്വാനിക്കുന്ന അച്ഛനായ ബാബുറാവുവിനെ കണ്ട് അന്ന പ്രയത്‌നത്തിന്റേയും കഠിനാധ്വാനത്തിന്റേയും മൂല്യം മനസിലാക്കി.
തന്റെ അച്ഛന്‍ നേര്‍ബുദ്ധിയോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കഠിനാധ്വാനിയായിരുന്നു. മദ്യപിക്കാത്ത, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്ത അദ്ദേഹം അന്നക്കും ഒരു മാതൃകയായി. മാതാപിതാക്കള്‍ എങ്ങനെ തങ്ങളുടെ ജീവിതത്തെ നോക്കികണ്ടുവോ, എപ്രകാരം തങ്ങളുടെ സമൂഹത്തോട് ദയാവായ്പ് പ്രകടിപ്പിച്ചോ അത്രയും ആത്മാര്‍ഥമായി അന്നയും താന്‍ അധിവസിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട്. സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ നന്നായി വളരാന്‍ അവരെ ചില സാംസ്‌കാരിക കേന്ദ്രങ്ങളില്‍ അയക്കുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നൊന്നും നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ യഥാര്‍ഥ സംസ്‌കാരം ലഭിക്കണമെന്നില്ല. അത് സ്വന്തം മാതാപിതാക്കളില്‍ നിന്ന് തന്നെ സ്‌നേഹപൂര്‍വ്വം കുട്ടിക്ക് ലഭിക്കേണ്ട കാര്യമാണെന്നാണ് അന്ന ഹസാരെയുടെ പക്ഷം.