ദേശീയ തലത്തില്‍ മികച്ച വിജയം നേടി യുവ ഡോക്ടര്‍മാര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോടെ ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. അതിന് ഒരു കാരണമുണ്ട്. ഡല്‍ഹിയില്‍ വച്ചുനടന്ന ശസ്ത്രക്രിയ വിദഗ്ദ്ധന്മാരുടെ ദേശീയ സമ്മേളനമായ അസികോണ്‍ 2015ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയാണ് തിരിച്ചെത്തിയത്. ദേശീയ തലത്തില്‍ നടന്ന ഒരു പരിപാടി ആയതുകൊണ്ടുതന്നെ ഇതിന്റെ പ്രാധാനം എത്രത്തോളമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. നാനൂറില്‍പ്പരം കേസ് അവതരണങ്ങളില്‍ നിന്നുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാര്‍ക്ക് ഈ മികച്ച നേട്ടം കൈവരിക്കാനായത്. ഇവരുടെ ഈ വിജയം ഈ രംഗത്തേക്ക് കടന്നു വരുന്നവര്‍ക്കെല്ലാം മാതൃകയാണ്.
മനുഷ്യശരീരത്തെ ബാധിക്കുന്ന പലതരത്തിലുള്ള അപൂര്‍വ്വയിനം രോഗങ്ങളാണ് ഇവര്‍ പ്രധാന വിഷയമായി തിരഞ്ഞെടുത്തത്. അവരവരുടെ വിഷയാവതരണത്തില്‍ ഓരോരുത്തരും മികവ് പുലര്‍ത്തി.അതുതന്നെയാണ് മറ്റുള്ളവരെ പിന്തള്ളി ഇവരെ വിജയത്തിന്റെ നെറുകയിലേക്ക് എത്തിക്കാന്‍ സഹായിച്ചതും.
കുടലിനെ ബാധിക്കുന്ന അപൂര്‍വ ക്രോണ്‍സ് രോഗങ്ങളെപ്പറ്റിയും നാഡിവ്യവസ്ഥയെ ബാധിക്കുന്ന മുഴകളെപ്പറ്റിയുമുള്ള കേസവതരണത്തില് രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ത്ഥിയായ ഡോ. അരവിന്ദ് എസ് ഗണപത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആമാശയത്തിനേയും കുടലിനേയും ബാധിക്കുന്ന മുഴകളെ കുറുച്ചുള്ള പഠനത്തിന് അവസാനവര്‍ഷ പി.ജി. വിദ്യാര്‍ത്ഥിയായ ഡോ. ബ്രഹ്മദത്തിനും ചെറുകുടലിലെ വളരെ വലിപ്പമുള്ള മുഴകളെക്കുറിച്ചുള്ള പഠനത്തിന് രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ത്ഥിയായ ഡോ. അനൂപിനും മൂന്നാം സ്ഥാനം ലഭിച്ചു. ഡോ. വിപിന്‍. ബി. നായരും പഠനാവതരണം നടത്തി. ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് ഇത് ഒരു പുതിയ അനുഭവമാണെങ്കിലും മനുഷ്യ ശരീരത്തിലുണ്ടാകുന്ന ഇത്തരം രോഗങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് കൂടിയാണ് ഇവര്‍ ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
ഓരോരുത്തരുടെയും ജീവിത ശൈലികള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. തിരക്കുപിടിച്ച ഈ ലോകത്ത് പലരും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. നമ്മുടെ ജീവിത ശൈലിയിലിലുണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ വ്യതിയാനവും നമ്മെ എത്തിക്കുന്നത് മാരകമായ രോഗങ്ങളിലേക്കാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവിയായ ഡോ. ശ്രീകുമാര്‍, ഡോ. വിശ്വനാഥന്, ഡോ. സുല്‍ഫിക്കര്‍, ഡോ. തോമസ് പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഏഴ് കേസ് പഠനങ്ങളാണ് ദേശീയ തലത്തില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം നടന്ന ദേശീയ പ്രശ്നോത്തരിയില്‍ കേരളത്തെ പ്രതിനിധീകരിച്ച അവസാനവര്‍ഷ പി.ജി. വിദ്യാര്‍ത്ഥികളായ ഡോ. ബാലകൃഷ്ണന്, ഡോ. ശ്രീനിവാസന് എന്നിവര്‍ക്ക് നാലാം സ്ഥാനം ലഭിച്ചു.