നളിനി നെറ്റോ മാതൃകയാക്കാവുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ: മുഖ്യമന്ത്രി പിണറായി വിജയന്
സിവില്‍ സര്‍വീസിലേക്ക് കടന്നു വരുന്നവര്‍ക്ക് മാതൃകയാക്കാവുന്ന ഗുണങ്ങളുള്ള ഉദ്യോഗസ്ഥയാണ് നളിനി നെറ്റോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് യാത്രയയപ്പ് നല്കി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി അവലോകനം നടത്തണം. എന്തൊക്കെ തിരുത്തണം, ചെയ്യേണ്ട രീതിയെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സ്വയം വിലയിരുത്താനാകും. എന്നാല്‍, ഏതെല്ലാം ചുമതലകള്‍ വഹിച്ചിട്ടുണ്ടോ അവിടെയെല്ലാം നല്ല പേര് മാത്രമാണ് നളിനി നെറ്റോ നേടിയിട്ടുള്ളത്. അതിനാല്‍ത്തന്നെ പല സുപ്രധാന സ്ഥാനങ്ങളിലും അവര്‍ക്ക് ദീര്‍ഘകാലം സേവനമനുഷ്ഠിക്കാനായി.
ഒരുഘട്ടത്തിലും യാതൊരു തരത്തിലുമുള്ള വിഭാഗീയ നിലപാടുകള്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ അവരെ സ്വാധീനിച്ചിട്ടില്ല. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തിയും മാനുഷിക മൂല്യത്തില്‍ അധിഷ്ഠിതമായുമുള്ള പ്രവര്‍ത്തന ശൈലിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന മാതൃകാ ഉദ്യോഗസ്ഥയായി നളിനി നെറ്റോയെ മാറ്റിയത്.
നില്‍ക്കേണ്ട ചട്ടക്കൂടില്‍ കൃത്യമായി നിന്നുകൊണ്ടുതന്നെ രാജ്യത്തിന്റെയും ജനങ്ങളുടേയും ഉത്തമതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായി. ജനാധിപത്യത്തിന്റെ അധികാരാവകാശങ്ങള്‍ അംഗീകരിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഏതു രാഷ്ടീയ സംവിധാനത്തിലും ജനക്ഷേമം ലക്ഷ്യമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ കൃത്യമായ വഴികളുണ്ടെന്ന് നളിനി നെറ്റോയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മനസിലാകും.
പ്രമുഖ ഗണിത ശാസ്ത്ര പ്രൊഫസറായിരുന്ന ടി.എസ്. രാമാനുജന്റെ മകളെന്നതും റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന എസ്. വെങ്കിട്ടരമണന്റെ അനന്തരവളെന്ന പാരമ്പര്യവും അവര്‍ക്കുണ്ട്. മുമ്പ് താന്‍ സഹകരണ മന്ത്രിയായിരുന്ന കാലത്ത് സഹകരണ രജിസ്ട്രാറായിരുന്ന നളിനി നെറ്റോയുടെ പ്രവര്‍ത്തന മികവും മുഖ്യമന്ത്രി ഓര്‍മിച്ചു. മുഖ്യമന്ത്രിയായപ്പോള്‍ സെക്രട്ടറിയാക്കാന്‍ രണ്ടാമതൊരു പേര് ആലോചനയില്‍ വന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നന്മകള് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് കൂട്ടായ്മയുടെ വിജയമാണെന്ന് മറുപടി പ്രസംഗത്തില്‍ നളിനി നെറ്റോ പറഞ്ഞു. സാധാരണ കുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും പഠിച്ചാണ് ഐ.എ.എസ് നേടിയതെന്നും 36 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായതെന്നും അവര്‍ ഓര്‍മിച്ചു.
ചടങ്ങില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, മാത്യു ടി.തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ബാലന്, എം.എം.മണി, എ.സി.മൊയ്തീന്, ഡോ.ടി.എം. തോമസ് ഐസക്, പ്രൊഫ: സി.രവീന്ദ്രനാഥ്, ടി.പി.രാമകൃഷ്ണന്, അഡീ. ചീഫ് സെക്രട്ടറി ഡോ: കെ.എം. എബ്രഹാം, അഡീ. ചീഫ് സെക്രട്ടറി ടേം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, മറ്റ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.