യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം: ഐക്യരാഷ്ട്രസഭയില്‍ ആനന്ദബോസ്
ആഗോള ജനസംഖ്യയില്‍ യുവജനങ്ങളുടെ വര്‍ദ്ധന പരിഗണിച്ച് ഐക്യരാഷ്ട്ര സഭയുടെ ഉന്നതനേതൃനിരയില്‍ അവര്‍ക്ക് സ്ഥാനം നല്‍കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ. സി.വി. ആനന്ദ ബോസ്. ന്യൂയോര്‍ക്കില്‍ യു.എന്‍.സ്ഥാപനമായ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ എഴുപതാമത് വാര്‍ഷികത്തിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പത്തിനും 24 വയസ്സിനുമിടയില്‍ 180 കോടി ജനങ്ങളുള്ളത് കണക്കിലെടുത്ത് യുവജനങ്ങള്‍ക്കായി യു എന്‍ കമ്മിഷന്‍ നിലവില്‍ വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത്തരമൊരു കമ്മിഷന് യുവജനതയുടെ വീക്ഷണങ്ങളുടേയും അഭിലാഷങ്ങളുടേയും ദര്‍ശനങ്ങളുടേയും നിരീക്ഷണ സമിതിയായി പ്രവര്‍ത്തിക്കാനാകും. വയസ്സായവര്‍ യുവാക്കളെ നയിക്കുന്ന മാതൃക അംഗീകരിക്കാനാവില്ല. യുവജനങ്ങള്‍ ഭൂതകാലത്തിലെ സൃഷ്ടികളോ, വര്‍ത്തമാന കാലത്തിന്റെ ഉടമസ്ഥരോ അല്ല. അവര്‍ ഭാവിയുടെ സൃഷ്ടാക്കളാണ്. യുവജനതയ്ക്കുതന്നെ തങ്ങളെ ഭാവിയിലേയ്ക്ക് നയിക്കുന്നതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിമാരും 150 രാജ്യങ്ങളിലെ സ്ഥിരം പ്രതിനിധികളും സമൂഹത്തിലെ പ്രതിനിധികള്‍ക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുത്തു.
ഇക്കോ ടൂറിസം, സ്ത്രീ ശാക്തീകരണം, കലാ സാംസ്‌കാരിക മേഖലകള്‍ക്കു വേണ്ടി മുന്‍കൈ എടുത്തിട്ടുള്ള ഡോ. ബോസ് ഗ്രാമീണ വികസനത്തിന് നൂതന രീതികള്‍ കണ്ടെത്തുന്നതിനും പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനും ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മ്മാണത്തിനും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഭവനനിര്‍മാണത്തില്‍ യുഎന്‍ വിദഗ്ധനായ ഡോ. ബോസ് യുഎന്‍ ഹാബിറ്റാറ്റിലെ ഭരണ സമിതി അംഗമാണ്. അഞ്ചു തവണ യുഎന്‍ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം ലഭിച്ച അദ്ദേഹം കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റേയും കേന്ദ്ര റെയില്‍ സൈഡ് വെയര്‍ഹൗസിംഗ് കമ്പനിയുടേയും ചെയര്‍മാനാണ്.