ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ കെഗ്ഗ് ഫാം
ഒരു ഒഴിഞ്ഞ ക്യാന്‍വാസില്‍ ഛായക്കൂട്ടുകള്‍ ചേര്‍ത്ത് ജിവന് തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരനെ ശ്രദ്ധിച്ചിട്ടുണ്ടോ? തങ്ങളുടേതായ എല്ലാ ഭാവനകളും പ്രതീക്ഷകളും ചേര്‍ത്ത് ആത്മസമര്‍പ്പണമാണ് ഓരോ ചിത്രങ്ങളിലൂടെയും അവര്‍ കാഴ്ചവെക്കുന്നത്. ഇത് ചിത്രകാരന് വിജയം കൊയ്യുന്ന ഒരു സംരഭകനായ കഥയാണ്.. മനോഹര ചിത്രം പോലെ ഒന്നുമില്ലായ്മയില്‍നിന്ന് തന്റെ ആശയങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ചാലിച്ചെഴുതി മഹത്തായ ഒരു സ്ഥാപനത്തിന്റെ സംരംഭകനെ നമുക്ക് വരച്ചുകാട്ടാം. ചിത്രത്തിന്റെ പേര് കെഗ് ഫാം. ചിത്രകാരന് വിനോദ് കപൂര്‍. കോഴികളെ ശാസ്ത്രീയ പ്രജനന രീതി വഴി വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളെ കോഴി വളര്‍ത്തല്‍ വഴി സമ്പാദ്യം നേടിയെടുക്കാന്‍ പ്രാപ്തരാക്കുകയാണ് കെഗ് ഫാം ചെയ്യുന്നത്.
ലാഭമുണ്ടാക്കാനല്ലാതെ ആരെങ്കിലും ബിസിനസ് തുടങ്ങുമോ? ചോദ്യം വിനോദിനോടാണെങ്കില് മറുപടി ഇങ്ങനെയായിരിക്കും: തീര്‍ച്ചയായും തുടങ്ങും. എന്റെ ബിസിനസ് ഒരു ധനികനാകാന്‍ വേണ്ടില്ല. എന്റെ വ്യക്തിത്വം പ്രകടിപ്പിക്കുകയാണ്എന്റെ ലക്ഷ്യം. അതിലുപരിയായി ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യാക്കാരനെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തോടുള്ള സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തണമെന്നും ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിനെല്ലാം വേണ്ടിയാണ് എന്റെ ബിസിനസ്.
ഇന്ത്യയുടെ ഗ്രാമീണ ജനതയുടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി അവര്‍ക്ക് വരുമാനമുണ്ടാകുന്ന തരത്തില്‍ ഗ്രാമീണ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് കെഗ് ഫാംസ്. 1967 മുതല്‍ ഇതുവരെയായി പത്ത് ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കെഗ് ഫാംസിന്റെ സേവനം ലഭ്യമായിട്ടുള്ളത്.
കെഗ് ഫാസിംനെക്കുറിച്ച് 40 വര്‍ഷം മുമ്പുള്ള കഥയാണ് വിനോദിന് പറയാനുള്ളത്. എഞ്ചിനീയറിംഗ് വിജയിച്ച ഒരു ചെറുപ്പക്കാരന്റെ കഥ. വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്നായിരുന്നു ചിന്ത. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു സംരംഭമായിരുന്നു മനസില്‍. ഇതില്‍നിന്നാണ് കോഴി വളര്‍ത്തല്‍ എന്ന ആശയം രൂപപ്പെട്ടത്. ഈ മേഖലയെക്കുറിച്ച് കൂടുതല്‍ അറിവുകകളൊന്നും ഉണ്ടായിരുന്നില്ല. ആ സമയങ്ങളില്ഇന്ത്യയില് കോഴി വളര്‍ത്തലിന് വലിയ പ്രാധാന്യവും ഇല്ലായിരുന്നു. ആവശ്യമുള്ള കോഴികളും മുട്ടകളും ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഉല്പാദനത്തിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കാമെന്ന് വിനോദ് വിശ്വസിച്ചു. അത് തന്നെ അദ്ദേഹം തന്റെ ലക്ഷ്യമായും തിരഞ്ഞെടുത്തു.
സ്വീഡിഷ് മാച്ച് എന്ന സ്ഥാപനത്തിന്റെ രാജ്യത്തെ തന്നെ തലവന്‍ എന്ന സ്ഥാനം ഉപേക്ഷിച്ച് വിനോദ് പൂര്‍ണമായും തന്റെ ലക്ഷ്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. ബിസിനസിലേക്കുള്ള ആദ്യ മൂലധനം വീട്ടില്‍നിന്ന് കടം വാങ്ങിയ തുകയാണ്. കോഴികളെ പ്രജനനത്തിലൂടെ ജനിപ്പിക്കുന്ന കണ്ടുപിടിത്തത്തിലേക്കായി പിന്നീടുള്ള ശ്രദ്ധ. ഇത് കെഗ് ഫാംസില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നത്. എല്ലാവരും പറഞ്ഞത് താന്‍ ഒരു വിഡ്ഢിയാണെന്നാണ്. എന്നാല്‍ എന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഞാന്‍ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അവരെ മനസിലാക്കിച്ചു- വിനോദ് പറയുന്നു.
വിനോദിന്റെ പ്രയത്നങ്ങള്‍ക്കുള്ള പുരസ്കാരമാണ് 1977ല്‍ സര്‍ക്കാര്‍ കെഗ് ഫാംസിനെയും ശാസ്ത്രീയ പ്രജനന രീതിയെയും അംഗീകരിച്ചത്. ഇന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും നഗരങ്ങളിലും കെഗ് ഫാംസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വരുമാന മാര്‍ഗം എന്ന നിലയില്‍ കോഴി വളര്‍ത്തല്‍ ഉത്തമ മാര്‍ഗമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ വിനോദ് കെഗ് ഫാംസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ശ്രമിച്ചു.
ഇന്ന് കെഗ് ഫാംസ് മറ്റ് രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. എത്യോപ്യയിലും ഉഗാണ്ടയിലുമെല്ലാം കെഗ് ഫാംസ് വിജയകരമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇവിടങ്ങളില്‍ സര്‍ക്കാരും ലോക ബാങ്കും ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. വലിയ കാഴ്ചപ്പാടുകളോടു കൂടിയ ചെറിയ കമ്പനി എന്നാണ് കെഗ് ഫാംസിനെക്കുറിച്ച് വിനോദ് പറയുന്നത്. തന്റെ 45 വര്‍ഷത്തെ ബിസിനസ് ജീവിതത്തിനടയില്‍ നിരവധി വെല്ലുവിളികളാണ് വിനോദിന് നേരിടേണ്ടി വന്നിട്ടുള്ളത്. എല്ലാ പ്രശ്നങ്ങളെയും നമ്മള് മനസ് കൊണ്ട് നേരിടണം- വിനോദ് പറയുന്നു.
ബിസിനസ് ജീവിതത്തില്‍ തനിക്ക് നിരവധി അബദ്ധങ്ങള്‍ സംഭവിച്ചിട്ടുളഅളതായും വിനോദ് പറയുന്നു. വിനോദിന് ഇപ്പോള്‍ 79 വയസാണ് പ്രായം. 22-ാം വയസിലാണ് ബിസിനസിലേക്ക് കടന്നത്. ഇതിനകം ആയിരക്കണക്കിന് തെറ്റുകളും അബദ്ധങ്ങളുമാണ് തന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ തെറ്റുകള്‍ തനിക്ക് പഠിക്കാനുള്ള അവസരങ്ങളായാണ് വിനോദ് കണ്ടത്.
സംരംഭകത്വത്തെക്കുറിച്ച് വിനോദിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മറ്റുള്ളവര്‍ കാണാത്ത അവസരങ്ങള്‍ കാണുന്നവനായിരിക്കണം ഒരു സംരംഭകന്. അവരുടേതായ ചിന്തകളും കണ്ടുപിടിത്തങ്ങളും പ്രചോദനവുമെല്ലാം ബിസിനസിന് നല്‍കണം.
ഒരിക്കല്‍ ഒരു മിടുക്കനായ വിദ്യാര്‍ത്ഥി തന്നോട് ഒരു സംശയവുമായി സമീപിച്ചത് വിനോദ് ഓര്‍ത്തെടുക്കുന്നു. തനിക്ക് ഒരു ബിസിനസ് തുടങ്ങാന്‍ താല്പര്യമുണ്ടെന്നും എന്ത് ബിസിനസാണ് തുടങ്ങേണ്ടതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ സംശയം. എന്നാല്‍ എന്താണ് തുടങ്ങേണ്ടത് എന്നറിയില്ലെങ്കില്‍ ബിസിനസിലേക്ക് കടക്കരുത് എന്നാണ് വിനോദ് മറുപടി നല്‍കിയത്. പണം സമ്പാദിക്കാനോ സ്വന്തം പേരില്‍ ഒറു സ്ഥാപനം തുടങ്ങാനോ ഉള്ള മാര്‍ഗമായി മാത്രം കച്ചവടത്തെ കാണരുത്. ഒരു സംരംഭകന് അയാളുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കണം.
തന്റെ കരിയറില്വിജയകരമായി ബിസിനസ് നടത്തുന്നയാളാണ് വിനോദ്. തന്റെ ഭാര്യയാണ് തനിക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനമെന്ന് വിനോദ് പറയുന്നു. പൂജ്യം എന്ന നിലയില്‍നിന്ന് ഒരു സംരംഭം എന്ന സാഹസത്തിന് തനിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നത് ഭാര്യയാണ്. ഞാന്‍ ഭ്രാന്തചിത്തനായ വ്യക്തിയാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ അപ്പോഴും ഭാര്യ തനിക്കൊപ്പമുണ്ടെന്നു പറഞ്ഞ് എല്ലാ പ്രോത്സാഹനവും നല്കി. എല്ലാ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തില്‍ അന്വര്‍ഥമാണെന്ന് വിനോദ് പറയുന്നു.
ഒരു കലാകാരന് തന്റെ ചിത്രങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നതുപോലെ 79-ാം വയസിലും തന്റെ സംഭാവനകളിലൂടെ കെഗ് ഫാംസിനെ വിനോദ് മനോഹരമാക്കികൊണ്ടേയിരിക്കുന്നു.