കാരുണ്യത്തിന്റെ മാലാഖയായി സോണിയ മല്‍ഹാര്‍
തെരുവിന്റെ മക്കള്‍ക്ക് സ്‌നേഹത്തിന്റെ കൈതാങ്ങുമായി കാരുണ്യ മഴയായ് പെയ്തിറങ്ങുന്ന ഒരു രാഗം, അതാണ് സോണിയ മല്‍ഹാര്‍. അഭിനേത്രി, സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയാണ് സോണിയ. തെരുവിന്റെ മക്കള്‍ക്ക് വേണ്ടി മാറ്റി വച്ചതാണ് സോണിയയുടെ ജീവിതം. സഹജീവികള്‍ക്കുമേല്‍ കരുണ ചൊരിയുന്ന പാവങ്ങളുടെ മദര്‍തെരേസ അതാണ് സോണിയ മല്‍ഹാര്‍ എന്ന വനിത.
ബാല്യം മുതല്‍ക്കേ മറ്റുള്ളവരോട് കരുണ കാണിച്ച് തുടങ്ങിയ ബിന്ദുമോള്‍ക്ക് സോണിയ മല്‍ഹാറിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ ഭിക്ഷാടനത്തിന് എത്തിയിരുന്ന നാടോടി സ്ത്രീകളുടെ കൈകളില്‍ ഇരിക്കുന്ന കുഞ്ഞുങ്ങളെ കുളിപ്പിച്ച് വൃത്തിയാക്കി തന്റെ വളയും പൊട്ടും തുണികളും എല്ലാം അവര്‍ക്ക് നല്‍കി. അതായിരുന്നു സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലുള്ള അവരുടെ തുടക്കം, സ്‌കൂളില്‍ ഭക്ഷണം കൊണ്ട് വരാത്തവര്‍ക്ക് വീട്ടില്‍ നിന്ന് പൊതിച്ചോറ് നല്‍കുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ബാല്യം മുതല്‍ക്കേ അവര്‍ തുടങ്ങിയിരുന്നു. തന്റെ സ്വപ്നവും ലക്ഷ്യവും തെരുവിലലയുന്നവര്‍ക്ക് വേണ്ടി ജിവിക്കുക എന്നതാണെന്ന് ചെറുപ്പത്തില്‍ തന്നെ അവര്‍ തിരിച്ചറിഞ്ഞു.
ദുരന്ത പൂര്‍ണ്ണമായ ജീവിതത്തിലും കയ്‌പ്പേറിയ ജീവിതാനുഭവങ്ങളിലും സമൂഹം മാറ്റി നിര്‍ത്തുന്നവര്‍ക്ക് വേണ്ടി ജീവിക്കുക എന്നത് ഏറെ പ്രയാസകരമായ ഒന്ന് തന്നെയാണ്. ഈ ബുദ്ധിമുട്ട് വകവെക്കാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഒറ്റപ്പെട്ടും അനാഥരായും ജീവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി മാറുകയും ചെയ്താണ് സോണിയ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചത്. യാദൃശ്ചികമായാണ് അവര്‍ സിനിമയിലേക്ക് കടന്നുവരുന്നത്. സിനിമയുടെ വര്‍ണ്ണാഭമായ ലോകത്ത് ഒതുങ്ങിക്കൂടാതെ തന്റെ കര്‍ത്തവ്യവും കര്‍മ്മവും അനാഥര്‍ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി തെരുവിന്റെ മക്കള്‍ക്ക് ഒരു മെഴുകുതിരി നാളമായി സോണിയ മല്‍ഹാര്‍.
ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ചപ്പോള്‍ പരിചയപ്പെട്ട ക്യാമറാമാന്‍ വഴിയാണ് അവര്‍ സിനിമയില്‍ എത്തിപ്പെടുന്നത്. ആദ്യചിത്രം പുലിവാല്‍പട്ടണം. തുടര്‍ന്ന് വന്ന ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ആദ്യമായി നായികാ വേഷത്തില്‍ എത്തുന്നത് ശ്യാംഗോപാല്‍ സംവിധാനം ചെയ്യുന്ന ''കാറ്റു പറഞ്ഞ കഥ'' എന്ന ചിത്രത്തിലൂടെയാണ്. വെള്ളിത്തരിയിലെ നായികയെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ജീവിതത്തിലെ നായികവേഷം. വിവാഹജീവിതം വളരെ ദുരന്തപൂര്‍ണ്ണമായിരുന്നു. 10 വര്‍ഷത്തെ വിവാഹജീവിതം വേദനകള്‍ മാത്രമാണ് നല്‍കിയത്. പീഢനങ്ങളുടേയും ബന്ധനത്തിന്റേയും ലോകത്ത് നിന്ന് സ്വാതന്ത്ര്യത്തിലേക്ക് അവര്‍ പറന്നിറങ്ങി. പിന്നീട് ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയത് മനോജ് എന്ന ആളായിരുന്നു. ബിന്ദുമോളെ സോണിയ മല്‍ഹാര്‍ ആക്കിയത് അദ്ദേഹമായിരുന്നു. ക്യാന്‍സര്‍ ബാധിതനായി മരണത്തോട് മനോജ് മല്ലിടുമ്പോഴും സോണിയ തന്റെ കര്‍ത്തവ്യത്തില്‍ മുഴുകി. മരണം മനോജിനെ ഏറ്റുവാങ്ങിയ ശേഷം മുഴുവന്‍ സമയവും അവര്‍ സമൂഹത്തിലെ നിരാലംബരെ സഹായിക്കാനായി മാറ്റിവച്ചു.
ഒരു പ്രത്യേക മേഖലയില്‍ ഒതുങ്ങുന്നതല്ല സോണിയയുടെ കര്‍മ്മഭൂമി. സ്ത്രീകളുടെ ഉന്നമനം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ അവര്‍ തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടേയിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. സ്ത്രീകളുടെ ക്ഷേമത്തിന് അട്ടപ്പാടിയില്‍ നടത്തിയ ''ഉയിര്'' സമരത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സോണിയക്ക് കഴിഞ്ഞു. അഭിനയിച്ച് കിട്ടുന്ന വരുമാനവും മറ്റ് പരിചയക്കാര്‍ നല്‍കുന്ന ചെറിയ തുകയും ഉപയോഗിച്ച് പാവങ്ങള്‍ക്ക് ആഹാരം നല്‍കി. തെരുവിലെ അനാഥരെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ നല്‍കി അവരോടൊപ്പം സമയം ചിലവഴിച്ച് സോണിയ സംതൃപ്തി നേടി.
പാവങ്ങളുടെ മദര്‍തെരേസ എന്ന് പലരും അവരെ കളിയാക്കി വിളിക്കുമ്പോഴും അവര്‍ക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുമ്പോഴും സോണിയ വ്യത്യസ്തയായി. കാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ പണം ഉണ്ടാക്കുകയും ആതുരാലയങ്ങള്‍ കെട്ടിപൊക്കി പാവങ്ങളെ പിഴിയുകയും ചെയ്യുന്നവര്‍ സൊണിയയെ കണ്ടുപഠിക്കണം. തന്റെ വേദനകള്‍ ഓര്‍ത്ത് കരയാനോ അതില്‍ ഒതുങ്ങിക്കൂടാനോ അവര്‍ക്ക് താത്പര്യമില്ല. തന്റെ ജീവിതത്തിലെ വിഷമങ്ങള്‍ മറക്കുന്നത് തെരുവിന്റെ മക്കളോടൊപ്പം ചിലവഴിക്കുമ്പോഴാണെന്ന് സോണിയ പറയുന്നു. നമ്മുടെ സന്തോഷമല്ല മറ്റുള്ളവരുടെ സന്തോഷമാണ് നാം എപ്പോഴും ആഗ്രഹിക്കേണ്ടത്. സ്വാര്‍ത്ഥതയുടെ കെട്ടുപാടുകള്‍ മുറിച്ചുമാറ്റി മറ്റുളളവരെ സഹായിക്കുന്നതാവണം ജീവിത ലക്ഷ്യമെന്ന് തിരിച്ചറിയണം.
മദര്‍തെരേസയും ദയാഭായിയുമാണ് സോണിയയുടെ ജിവിതത്തിന്റെ റോള്‍മോഡലുകള്‍. അവരുടെ ജീവിതകഥകള്‍ കുട്ടിക്കാലത്ത് ധാരാളം വായിച്ചിട്ടുണ്ട്. അവര്‍ സമൂഹത്തില്‍ ചെയ്തിട്ടുള്ള പല കാര്യങ്ങളും തന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കണം, നിലാരംബര്‍ക്കായി ഒരു ട്രസ്റ്റ് രൂപീകരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. അതിനുള്ള സാമ്പത്തികം കണ്ടെത്താനുള്ള തിരിക്കിലാണ് സോണിയ. തന്റെ ജീവിതം തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി മാറ്റിവച്ച് സോണിയ ജീവിക്കുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. രക്തദാനം നടത്തിയും മറ്റുള്ളവരെ അതിനായി പ്രോത്‌സാഹിപ്പിച്ചും അവര്‍ ഓരോ ജീവനും തുണയായി മാറുന്നു. ജീവനും ജീവിതവും നാം മറ്റുള്ളവര്‍ക്കായി നല്‍കി കഴിയുമ്പോഴാണ് ജീവിതം പൂര്‍ണ്ണതയിലെത്തുന്നതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.
ഒരു വിധവയായി ജീവിക്കുന്ന സോണിയ മല്‍ഹാര്‍ വിധവകള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന മാമൂലുകള്‍ക്ക് നിന്നു കൊടുക്കാതെ തന്റെ ജീവിതം അശരണര്‍ക്ക് വേണ്ടി മാറ്റിവച്ചു. ജീവിതം കുടുംബ ബന്ധങ്ങളുടെ നൂലില്‍ കെട്ടിയിടാന്‍ തയ്യാറാകാതെ ഒരു പട്ടംപോലെ സമൂഹത്തിലെ അശരണര്‍ക്കായി പാറിപറക്കാനാണ് സോണിയ ആഗ്രഹിച്ചത്. അനാഥരുടെ സമൂഹത്തില്‍ ആര്‍ഭാടമായ് ജീവിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് സോണിയ മല്‍ഹാര്‍. ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത നാട്ടില്‍ സോണിയ പലരുടെയും ജീവിതത്തിന് ഒരു കൈത്താങ്ങ് ആണ്. അനാഥ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ വാത്സല്യമായി സോണിയ എന്നുമുണ്ട്..
പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ താന്‍ ഒരു സ്ത്രീ ആണെന്ന് കരുതിമാറി നില്‍ക്കാതെ അവരോടൊപ്പം ചേര്‍ന്ന് അവരിലൊരാളായി പ്രവര്‍ത്തിക്കുവാന്‍ സോണിയ തയ്യാറാകുന്നതിന് ഉത്തമ ഉദാഹരണമാണ് മൂന്നാറിലെ പെമ്പിളൈ സമരത്തില്‍ പങ്കെടുത്തത്. സ്ത്രീ സമൂഹത്തിന് ഒരു കൈത്താങ്ങായി അവര്‍ മാറിയിരിക്കുന്നു. തന്നിലൂടെ സമൂഹത്തിന് എന്തെങ്കിലും സഹായം എത്തിക്കാന്‍ കഴിയുമെങ്കില്‍ അതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവര്‍ ബോധ്യപ്പെടുത്തിത്തരുന്നു. താന്‍ പ്രവര്‍ത്തിക്കുന്ന ഓരോ മേഖലയിലും തന്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് ദേശീയ മനുഷ്യാവകാശത്തിന്റെയും ഗാന്ധിഭവന്റേയും അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിക്കാന്‍ അവരെ തന്നെ നിയോഗിച്ചത്.
അഴിമതിക്കെതിരെ യുവതലമുറയെ സജ്ജമാക്കുക എന്ന ഒരു ലക്ഷ്യം കൂടി അവരുടെ പ്രവൃത്തിയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇന്നത്തെ തലമുറ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തെ അഴിമതിയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് അവര്‍ പറയുന്നു. അത്തരത്തിലുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കണം. മദ്യത്തിനെതിരെയുള്ള സോണിയയുടെ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നു. മദ്യത്തിന്റെ ഉപയോഗത്താല്‍ തകര്‍ന്നുപോയ തന്റെ ജീവിതം മറ്റൊരാള്‍ക്കും ഉണ്ടാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ മദ്യത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചതും അതിനുവേണ്ടി യത്‌നിക്കുന്നതും. തന്റെ ലക്ഷ്യത്തെ വിമര്‍ശന ബുദ്ധിയോടെ കാണുന്ന സമൂഹത്തിലെ ഒരു ജനതയോട് അവര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരം നല്‍കുന്നു.
ജീവിതം എപ്പോഴും സ്വാര്‍ത്ഥമാവുകയോ നമ്മുടെ ഉറ്റവര്‍ക്കുമാത്രമായി ഒതുക്കുകയോ ചെയ്യരുത് എന്ന് നമുക്ക് കാട്ടിത്തരുകയാണ് സമൂഹിക പ്രവര്‍ത്തകയായ സോണിയ മല്‍ഹാര്‍. തന്റെ ജീവിതത്തിലൂടെ മനുഷ്യത്വം എന്താണെന്ന് സോണിയ കാണിച്ചുകൊടുക്കുകയാണ്. നാളെയുടെ സമൂഹം സൃഷ്ടിക്കപ്പെടുന്നത് ഇത്തരത്തില്‍ അശരണരെ സഹായിക്കുന്നതിനായി ജന്മമെടുക്കുന്ന മാലാഖമാരെകൊണ്ടാകണം, അതിലൂടെ മാത്രമേ സമൂഹത്തിന്റെ വേദനകളെ അകറ്റാന്‍ സാധിക്കൂ. അത്തരത്തില്‍ ജന്മമെടുത്ത ഒരു മാലാഖതന്നെയാണ് സോണിയ മര്‍ഹാല്‍ എന്ന് അവര്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തികള്‍ തെളിയിച്ചു കഴിഞ്ഞു.