ജി പി എസിനെ കടത്തിവെട്ടാന്‍ ഐ ആര്‍ എന്‍ എസ് എസ്
ഇന്നത്തെ ലോകത്ത് നമുക്ക് വളരെയേറെ സഹായകമാകുന്ന ഒരു സാങ്കേതിക വിദ്യയാണ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം എന്ന ജി പി എസ് (GPS). നമുക്ക് മുന്‍പരിചയമില്ലാത വഴികളിലൂടെ പോകുമ്പോള്‍ വഴികാട്ടിയായി കൂടെ ഉണ്ടാകാറുണ്ട് ജി പി എസ്. എന്നാല്‍ ജി പി എസ് എന്ന സംവിധാനത്തെ കടത്തിവെട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്ന സിസ്റ്റം അമേരിക്കയുടെ ജി പി എസ് സംവിധാനത്തെക്കാള്‍ കൂടുതല്‍ കൃത്യതയേറിയതാണ്. ഐ ആര്‍ എന്‍ എസ് എസ് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ബാംഗ്ലൂരില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചു.
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍, ദിശയറിയാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ടെക്‌നോളജി വികസിപ്പിക്കുന്നവരുമായി ഈ ശാസ്ത്രജ്ഞര്‍ ഐ ആര്‍ എന്‍ എസ് എസിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും. ഗതിനിര്‍ണ്ണയ പ്രക്രിയക്കായി സഹായിക്കുന്ന ഐ ആര്‍ എന്‍ എസ് എസിന്റെ ഏഴ് ഉപഗ്രഹങ്ങള്‍ 2016 ജൂലൈയോടു കൂടി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും എന്നാണ് ഐ എസ് ആര്‍ ഒ വ്യക്തമാക്കുന്നത്. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ പറയുന്നത് ലോകമെമ്പാടും പ്രയോജനപരമായ ഒന്നായി ഐ ആര്‍ എന്‍ എസ് എസിനെ മാറ്റിയെടുക്കാം എന്നാണ്.
നിരത്തിലോടുന്ന വാഹനങ്ങള്‍, യുദ്ധ ടാങ്കുകള്‍, കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മിസൈലുകള്‍ എന്നിവയ്‌ക്കൊക്കെ ദിശ കൃത്യമായറിഞ്ഞ് മുന്നോട്ട് പോകാന്‍ ഐ ആര്‍ എന്‍ എസ് എസ് പ്രയോജനപ്രദമാകും. മറ്റെല്ലാ രാജ്യങ്ങളുടെയും സൈന്യത്തിന് സ്വന്തമായി ഉപഗ്രഹ ഗതിനിര്‍ണ്ണയ പ്രക്രിയകള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് അവകാശപ്പെടാന്‍ ഇത് വരെ ഇല്ലാതിരുന്ന ഒന്നാണ് ഐ ആര്‍ എന്‍ എസ് എസിന്റെ വരവോടു കൂടി സാധ്യമാകുന്നത്. ഐ ആര്‍ എന്‍ എസ് എസ് ഇന്ത്യയുടെ പ്രതിരോധ മേഖലയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.