നൃത്ത-സംഗീത വിസ്മയമായി 'ദേവദുന്ദുഭി'
വയലിനും ചെണ്ടയും സംഗീത വിസ്മയം തീര്‍ത്ത സന്ധ്യയില്‍ നൃത്തച്ചുവടുകള്‍ കൂടി നിറഞ്ഞപ്പോള്‍ 'ദേവദുന്ദുഭി' തലസ്ഥാനവാസികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. ഗ്രാമി അംഗീകാരം നേടിയ വയലിനിസ്റ്റ് മനോജ് ജോര്‍ജും ചെണ്ടയില്‍ താളവിസ്മയമൊരുക്കി പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും ഒരുമിച്ച 'ദേവദുന്ദുഭി' യെന്ന സംഗീത-നൃത്ത ആവിഷ്‌ക്കാരം ടാഗോര്‍ തീയറ്ററില്‍ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്. ഫ്യൂഷന്‍ സംഗീതത്തിനപ്പുറം നൃത്തച്ചുവടുകളുമായി ഭരതനാട്യം, മോഹിനിയാട്ടം, സല്‍സാ നര്‍ത്തകര്‍ കൂടി വേദിയിലെത്തിയത് സംഗീത നൃത്ത ആവിഷ്‌ക്കാരത്തെ വ്യത്യസ്തമാക്കി.
പതിവ് നൃത്ത സംഗീത ഫ്യൂഷന്‍ പരിപാടികള്‍ക്കപ്പുറം സംഗീതത്തിന് നൃത്തം അകമ്പടിയായി എത്തി എന്നതാണ് പ്രത്യേകത. ആദ്യമായാണ് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഒരു ഫ്യൂഷന്‍ പ്രോഗ്രാമിനായി വേദിയിലെത്തുന്നത്.മുമ്പ് തിരുവനന്തപുരത്ത് അവതരിപ്പിച്ച ഷോയില്‍ നിന്ന് വ്യത്യസ്തമായ അവതരണശൈലിയിലാണ് 'ദേവദുന്ദുഭി' ഒരുക്കിയത്.
എം എഫ് ഹുസൈന്റെ അസോസിയേറ്റായിരുന്ന മനോജ് കെ വര്‍ഗീസാണ് ഷോ സംവിധാനം ചെയ്തത്. ഗ്രാമി അംഗീകാരം നേടിയ മനോജ് ജോര്‍ജിന്റെ മേല്‍നോട്ടത്തിലാണ് സംഗീത-നൃത്ത സമന്വയം ചിട്ടപ്പെടുത്തിയത്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സജ്‌ന നജാമാണ് ഷോയുടെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വയലിനില്‍ മനോജ് ജോര്‍ജ് കാണികളുടെ മനം കവര്‍ന്നപ്പോള്‍ മേളക്കൊഴുപ്പുമായി പെരുവനം കുട്ടന്‍ മാരാരും വേദി നിറഞ്ഞു നിന്നു.ആഫ്രിക്കന്‍ കലാകാരന്‍മാരായ ജോര്‍ജ് അബ്ബാനി, ഇമ്മാനുവല്‍ അവുകു എന്നിവരുടെ താളവാദ്യങ്ങള്‍ക്കൊപ്പം ലാവണ്യയുടെ സാക്‌സോഫോണും പ്രകാശ് ഉള്ള്യേരിയുടെ പിയാനോയും പരിപാടിയുടെ മാറ്റ് കൂട്ടി.
ആലാപനവിഭാഗത്തില്‍ സിതാര, സച്ചിന്‍ വാര്യര്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ തങ്ങളുടെ സംഗീതസാന്നിധ്യം തെളിയിച്ചപ്പോള്‍ ഡ്രംസില്‍ ദയാശങ്കറും ലീഡ് ഗിത്താറില്‍ സന്ദീപും പെര്‍ക്കൂഷനില്‍ സുനിലും ബാസ് ഗിത്താറില്‍ ജോസിയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. പ്രകാശവിന്യാസം കൊണ്ട് ശ്രീകാന്ത് കാമിയോ പരിപാടിയെ ദീപ്തമാക്കിയപ്പോള്‍ ശബ്ദവിന്യാസത്തിന്റെ ചുമതല സൗണ്ട് എഞ്ചിനീയറായ ജസ്റ്റിന്‍ പോളിനായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും ഭാവിയെക്കുറിച്ചുള്ള ചിന്തകളും അവതരിപ്പിക്കുന്ന 'സുവര്‍ണ്ണ കേരളത്തിന്റെ കൈയൊപ്പ്' എന്ന പരിപാടിയോടനുബന്ധിച്ചാണ് ടാഗോര്‍ തീയറ്ററില്‍ 'ദേവദുന്ദുഭി' അവതരിപ്പിച്ചത്.