വിശേഷണങ്ങള്‍ പലതുണ്ട് ഋഷിരാജ് സിങ്ങ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്, പക്ഷേ നിലപാടുകള്‍ കൊണ്ടും, ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുമെല്ലാം പോലീസ് സര്‍വ്വീസില്‍ ഋഷിരാജ് സിങ്ങിനെ ഒറ്റയാനാക്കുന്നു. ഋഷിരാജ് സിങ്ങിനെ പോലെ ജോലി ചെയ്യുന്ന,ആത്മാര്‍ത്ഥത കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലില്ലേ എന്നു ചോദിച്ചാല്‍ മലയാളികള്‍ ഒന്നടങ്കം പറയും, ഞങ്ങള്‍ കണ്ടിട്ടില്ല, അതുകൊണ്ടാണല്ലോ ഈ രാജസ്ഥാന്‍കാരന്‍ മലയാളികളുടെ സിങ്കം ആയത്.
ഋഷിരാജ് സിങ്ങ് ജോലിചെയ്തപ്പോഴെല്ലാം അത് വാര്‍ത്തയായി. സ്വന്തം ചുമതലകള്‍ നിറവേറ്റിയതിന്റെ പേരില്‍ ഇത്രയധികം മാധ്യമങ്ങളില്‍ തലക്കെട്ടായ മറ്റൊരുദ്യോഗസ്ഥന്‍ കേരളത്തില്‍ വേറെ കാണില്ല. ആ വാര്‍ത്താ പരിവേഷം മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്റെ വാര്‍ത്താ താരം എന്ന അവാര്‍ഡ് സ്വന്തമാക്കുന്നതിലേക്കും ഋഷിരാജ് സിങ്ങിനെ എത്തിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എന്ന പദവിയില്‍ ഇരിക്കുമ്പോഴാണ് ഋഷിരാജ് സിങ്ങ് തന്റെ കൊമ്പന്‍മീശയുമായി കഴുത്തിലൊരു മഫ്‌ളവര്‍ ചുറ്റി മലയാളികളുടെ മനസിലേക്ക് വണ്ടിയോടിച്ച് കയറിയത്. അതോടെ പയ്യന്‍മാര്‍ ഹെല്‍മെറ്റ് തലയില്‍വെക്കാന്‍ പഠിച്ചു, ഋഷിരാജ് സിങ്ങ് വേഗപ്പൂട്ടിട്ട് ബസുകാരുടെ മത്സരയോട്ടത്തെ നിയന്ത്രിച്ചു. ഭാര്യ,ഭര്‍ത്താവ് മൂന്നുകുട്ടികള്‍ ഇങ്ങനെ കുടുംബത്ത് ബൈക്കിലാക്കിയ മലയാളികളില്‍ പലരും ഈ കൊമ്പന്‍മീശക്കാരനെ ഭയന്ന് റോഡില്‍ ഇറങ്ങാന്‍ മടിച്ചു. ഒരു ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോഴെല്ലാം മറുഭാഗത്ത് മലയാളികള്‍ ഈ മറുനാട്ട്കാരനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഫലം റോഡില്‍ വിലസിയിരുന്ന കാലന്‍ ഋഷിരാജ് സിങ്ങിനെ ഭയന്ന് തന്റെ പ്രവര്‍ത്തനമേഖല മാറ്റി ഫലമോ റോഡപകടങ്ങളിലൂടെ ഉണ്ടാകുന്ന മരണ നിരക്ക് കുറഞ്ഞു. ട്രാന്‍സ് പോര്‍ട്ട് കമ്മീഷ്ണര്‍ അങ്ങനെ ഒരു പദവി മലയാളികള്‍ ഋഷിരാജ് സിങ്ങിന് മുമ്പോ ശേഷമോ കേട്ടിട്ടില്ല. ഒരു പദവിയിലിരുന്നാല്‍ എങ്ങനെ ജോലിചെയ്യാമെന്നുകൂടി പഠിപ്പിക്കുകയായിരുന്നു ഋഷിരാജ് സിങ്ങ്.
ട്രാന്‍പോര്‍ട്ട് കമ്മീഷ്ണറുടെ പദവിയില്‍ നിന്നും ഋഷിരാജ് സിങ്ങ് നേരെ പോയത് വൈദ്യുതി വകുപ്പിലേക്കാണ്. അവിടെയും സിങ്ങ് സ്റ്റാറായി. നിരവധി കരന്റ് കള്ളന്‍മാരെ ഋഷിരാജ് സിങ്ങ് ഷോക്കടിപ്പിച്ചു. വലിയ ഒരു വൈദ്യുതിമോഷ്ടാവിനെ തൊട്ടതോടെ ഋഷിരാജ് സിങ്ങിനും ഷോക്കടിച്ചു.അടുത്തമാറ്റം ജയില്‍വകുപ്പിലേക്കായിരുന്നു. ചാര്‍ജ്ജെടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിലവാരം കുറഞ്ഞ ഭക്ഷണം തടവുകാര്‍ക്ക് വിളമ്പിയതിനെതിരെ നടപടിയെടുത്തു.
ജോലിചെയ്തു വാര്‍ത്തകളില്‍ നിറയുമ്പോഴും വിവാദങ്ങളും ഋഷിരാജ് സിങ്ങിനെ വിടാതെ പിന്തുടര്‍ന്നു. തൃശ്ശൂരിലെ ഒരു ചടങ്ങില്‍വെച്ചു ആഭ്യന്തരമന്ത്രി വന്നു നിന്നപ്പോള്‍ എഴുന്നേറ്റുനിന്നു സല്യൂട്ട് ചെയ്യാതിരുന്നത് വിവാദമായി. ദേശീയ ഗാനത്തെ മാത്രമെ എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്യേണ്ടു എന്നു വിശദ്ദീകരണമായിരുന്നു ഋഷിരാജ് സിങ്ങ് നല്‍കിയത്. ഈ സംഭവം പിന്തുണച്ചവര്‍ പോലും സിങ്ങിനെ എതിര്‍ക്കാന്‍ കാരണമായി.
രാജസ്ഥാനിലെ ബിക്കാനീര്‍ എന്ന സ്ഥലത്താണ് ഋഷിരാജ് സിങ്ങിന്റെ ജനനം. പരേതരായ ഇന്ദ്രജിത്ത്‌ശോഭാ കാന്‍വര്‍ ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് സിങ്ങ്. വെറുതെ കാക്കിയെടുത്തിട്ടതല്ല സിങ്ങ് കാക്കി രക്തത്തിലലിഞ്ഞതാണെന്നുതന്നെ പറയാം. പൊലീസ് കുടുംബമാണ് സിങ്ങിന്റേത്. കുടുംബത്തിലെ ഏഴാമത്തെ പൊലീസ് ഓഫിസറാണു ഋഷിരാജ് സിങ്. അച്ഛന്‍ ഇന്ദ്രജിത്ത് സിങ് അഡീഷനല്‍ എസ്പിയായിരുന്നു.
ആദ്യ ശ്രമത്തില്‍ തന്നെ ഋഷിരാജ് സിങ് സിവില്‍ സര്‍വീസസ് പരീക്ഷ പാസായി. തിരുവനന്തപുരത്ത് പോസ്റ്റിങ് ലഭിച്ച് കേരളത്തിലെത്തുമ്പോള്‍ 24 വയസ് മാത്രമെ ഋഷിരാജ് സിങ്ങിനുണ്ടായിരുന്നുള്ളു.ദുര്‍ഗേശ്വരി ദേവിയാണ് ഭാര്യ, രണ്ടു മക്കള്‍. മകന്‍ ചക്രസാല്‍ ബെംഗളൂരുവില്‍ ആനിമേഷന്‍ സിനിമ ചെയ്യുന്നു. മകള്‍ യശോധര, ഡല്‍ഹിയില്‍ എംഫില്‍ വിദ്യാര്‍ഥിനിയാണ്നിയമലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തും, ആരുടെ മുന്നിലും തലകുനിക്കാതെ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നും ഋഷിരാജ് സിങ്ങ് താരമാകുകയാണ്.. ഖദര്‍ നാടുഭരിക്കുന്ന കേരളത്തില്‍ നട്ടെല്ലുവളയ്ക്കാത്ത ഈ ഉദ്യോഗസ്ഥനെ ഒറ്റയാന്‍ എന്നല്ലാതെ എന്തുവിളിക്കാനാണ്.. പേരിനെങ്കിലും കൂട്ടിനൊരാളെ കണ്ടുകിട്ടിയാല്‍ അന്നു ഈ വിശേഷണം മാറ്റാം...