ജേക്കബ് തോമസ്; അഴിമതിക്കെതിരെയുള്ള ഒറ്റയാള്‍ പട്ടാളം

ജേക്കബ് തോമസ്; അഴിമതിക്കെതിരെയുള്ള ഒറ്റയാള്‍ പട്ടാളം

Sunday April 03, 2016,

4 min Read

അഴിമതിക്കെതിരെ പോരാടാന്‍ വ്രതമെടുത്ത കാക്കിക്കുള്ളിലെ പകരക്കാരനില്ലാത്ത ഒറ്റയാള്‍ പട്ടാളം, അതാണ് ജേക്കബ് തോമസ്. അധികാര പക്ഷത്തിന് ഒത്താശ ചെയ്യാതെ ജനപക്ഷത്തുനിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നത് ട്രാന്‍സ്ഫറുകള്‍ കൊണ്ട് നീണ്ട കര്‍മ്മമേഖല വ്യക്തമാക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ വിവാദങ്ങളുടെ തോഴനെന്ന ചെല്ലപ്പേരും അദ്ദേഹം കരസ്ഥമാക്കി. കര്‍മ്മധീരനായി കര്‍ത്തവ്യനിര്‍വ്വഹണം നടത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന പോലീസ് ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടനവധി മാറ്റങ്ങളാണ് നമ്മുടെ നാട്ടിലുണ്ടാക്കിയത്. കഠിനാധ്വാനം, കണിശമായ കൃത്യനിര്‍വ്വഹണം, ഉത്തമ പെരുമാറ്റം ഇവയൊക്കെ അദ്ദേഹത്തില്‍നിന്ന് കണ്ട് പഠിക്കേണ്ടതാണ്. സത്യത്തിനും ധര്‍മ്മത്തിനുമായി നിത്യവും അദ്ദേഹം പ്രയത്‌നിക്കുന്നു.

image


ഈരാട്ടുപേട്ടയിലെ നാട്ടിന്‍പുറത്തെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കാര്‍ഷിക രംഗത്തുണ്ടായിരുന്ന താത്പര്യത്തെ തുടര്‍ന്ന് ചെറുപ്പത്തിലേ മാതാപിതാക്കളെ കൃഷികാര്യങ്ങളില്‍ സഹായിച്ചിരുന്നു. പഠിക്കാന്‍ മിടുക്കുകാട്ടിയിരുന്ന ഈ കുട്ടി വളരെ കഷ്ടതകള്‍ സഹിച്ചാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്വന്തം നിലനില്‍പ്പിന് വിദ്യാഭ്യാസം കൂടിയേ തീരു എന്ന തിരിച്ചറിവ് നന്നേ ചെറുപ്പത്തില്‍തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ഉയരങ്ങളുടെ കൊടുമുടി കീഴടക്കുകയായിരുന്നു അദ്ദേഹം. പുസ്തക വായനയിലൂടെയാണ് അദ്ദേഹം ഗ്രാമത്തിനുപുറത്തെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയത്. അന്നുമുതല്‍ പുസ്തകങ്ങളെ സ്വന്തം തോഴനാക്കി. കിണറ്റിലകപ്പെട്ട തവളയെപ്പോലെ ഒതുങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതിന് പുറത്ത് ഒരു ലോകമുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കി. ഉയരങ്ങള്‍ കീഴടക്കാന്‍ കഠിനാധ്വാനത്തിന്റെ വഴികള്‍ തേടി.

image


സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോളേജ് ജീവിതത്തിലേക്ക് കടന്നപ്പോഴും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയാകാന്‍ അദ്ദേഹം തയ്യാറായില്ല. സ്‌കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും അദ്ദേഹത്തിന് തുണയായി. അതുകൊണ്ടുതന്നെ ഒരു തടസ്സവും കൂടാതെ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഐ. എ. എസ് എന്ന ലക്ഷ്യം അപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ പ്രചോദനമാണ് സിവില്‍ സര്‍വ്വീസ് എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. പഠനത്തില്‍ മികവ് തെളിയിച്ച് സ്‌കോളര്‍ഷിപ്പുകള്‍ വാരിക്കൂട്ടുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ റിസേര്‍ച്ചെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരേയും പോലെ തുടര്‍പഠനം വിദേശത്ത് ആകണമെന്ന് അദ്ദേഹം മോഹിച്ചു. എന്നാല്‍ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച അദ്ദേഹത്തിന് ഇംഗ്ലീഷ് ഒരു ബാലികേറാമലയായിരുന്നു.. പിന്നീട് ആ പേടിയെ അതിജീവിക്കാനുള്ള ശ്രമമായിരുന്നു. രാത്രികാലങ്ങളില്‍ ബി.ബി.സിയും വോയ്‌സ് ഓഫ് അമേരിക്കയുമൊക്കെ കേള്‍ക്കാന്‍ തുടങ്ങി. അങ്ങനെ ഇംഗ്ലീഷ് എന്ന ബാലികേറാമലയെ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പി. എച്ച്.ഡി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍തന്നെ വിദേശത്തുള്ള മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ അതൊക്കെ നിരസിച്ച് സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

image


പഠനത്തില്‍ മാത്രമായിരുന്നില്ല യുവാവായ തോമസ് ജേക്കബ് കഴിവ് തെളിയിച്ചത്. കായികരംഗത്തും തന്റെ കഴിവുകള്‍ തെളിയിക്കാന്‍ അദ്ദേഹത്തിനായി. കരാട്ടെയില്‍ തന്റെ പ്രാവീണ്യം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സത്യസന്ധതയ്ക്ക് കിട്ടിയ പ്രതിഫലമെന്നോണം രണ്ട് വര്‍ഷത്തിനിടെ അഞ്ച് ട്രാന്‍സ്ഫറുകള്‍ കരസ്ഥമാക്കിയ വ്യക്തിയാണ് ഡി.ജി.പി ജേക്കബ് തോമസ്. എന്നാല്‍ ഈ സ്ഥലം മാറ്റമെല്ലാംതന്നെ വളരെ പോസിറ്റീവായ രീതിയിലാണ് അദ്ദേഹം കാണുന്നത്. പുതിയ സ്ഥലങ്ങള്‍, അനുഭവങ്ങള്‍ അതൊക്കെ ഒരു മുതല്‍ക്കൂട്ടായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്ത സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുവാന്‍ സ്ഥലം മാറ്റങ്ങള്‍ സഹായിച്ചു.

തന്റെ അഭിപ്രായങ്ങള്‍ തുറന്ന്‌ പറയാന്‍ ഒരിക്കലും മടികാണിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹം. അത് അധികാര വര്‍ഗ്ഗത്തിന്റേതായാല്‍പ്പോലും ഭയപ്പാടില്ലാതെ തുറന്നുപറയാന്‍ ചങ്കൂട്ടം കാണിച്ചിട്ടുണ്ട്. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ആരുടേയും അടിമപ്പണി ചെയ്യാനും പാദസേവ ചെയ്യാനും മടിക്കാത്ത ഉദ്യാഗസ്ഥര്‍ക്ക് മാതൃകയാക്കാവുന്നതാണ് ജേക്കബ് തോമസിന്റെ ഔദ്യോഗിക കാലം. രാജാവ് നഗ്‌നനായിരുന്നു എന്ന് വിളിച്ചുപറയാനുള്ള ധൈര്യമാണ്‌ അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.

അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരമാണ് അദ്ദേഹം നടത്തുന്നത്. അഴിമതിയെ തുടച്ച് നീക്കാന്‍ വ്രതമെടുത്തു എന്നതിനെ ശരിക്കും അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. തന്നെ ഹൗസിംഗ് ബോര്‍ഡിലാണ് നിയമിച്ചിരിക്കുന്നതെങ്കിലും തന്റെ പ്രവര്‍ത്തനമേഖല അതിലേക്ക് ഒതുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഴിമതി നൂറുശതമാനം തുടച്ച് മാറ്റാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം അദ്ദേഹത്തിനുണ്ട് . അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുവ തലമുറയ്ക്ക് അതിനുള്ള കഴിവുണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പുതുതലമുറയെ ഭാഗമാക്കിക്കൊണ്ടാണ് സെല്‍ കേരള എന്ന സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ പ്രതികരിക്കുന്ന യുവ തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശവും അദ്ദേഹത്തിനുണ്ട്. അഴിമതിക്കെതിരെ പ്രതികരിക്കണമെങ്കില്‍ എന്താണ് അതിന്റെ നിയമവശങ്ങള്‍ എന്നത് അറിയണം. തന്റെ പ്രതികരണം അഴിമതിക്കെതിരെ തന്നെയാണെന്ന് ഉത്തമ ബോധ്യമുണ്ടാകണം. അഴിമതിവിരുദ്ധ കേരളം എന്നതാണ് സെല്‍ കേരളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. സെല്‍ കേരളയുടെ പ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സഞ്ചാര വഴികള്‍ തുറക്കുക എന്നതാണ് ഔദ്യോഗിക പദവിയില്‍ എത്തിയശേഷം ആദ്യം സാക്ഷാത്കരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്. അതിനായി തന്നെക്കൊണ്ട് കഴിയാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അദ്ദേഹത്തിന് സാധിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും നീതിയ്ക്കും വേണ്ടി പ്രയത്‌നിക്കണം എന്ന് മനസിലുറപ്പിച്ചാണ് താന്‍ സര്‍വ്വീസില്‍ കയറിയതെന്ന് ജേക്കബ് തോമസ് പറയുന്നു. തന്റെ പ്രവര്‍ത്തനം ജനക്ഷേമത്തിനുവേണ്ടിയാണ്. ഭരണത്തിനോടോ ഭരണകൂടത്തിനോടോ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും ഏത് മേഖലയിലായാലും ജനങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങളെ നേരിടുമെന്നും അതാണ് തനിക്ക് രാഷ്ട്രീയത്തിലും ഭരണരംഗത്തും ശത്രുക്കളെ ഉണ്ടാക്കുന്നതെന്നും ജേക്കബ് തോമസ് പറയുന്നു.

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജേക്കബ് തോമസിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിനും തനിക്കുമിടയില്‍ അതിര്‍വരമ്പുകളില്ലെന്നും തന്റെ വിജയത്തിന് പിന്നില്‍ ജനങ്ങളുടെ അംഗീകാരവും പിന്തുണയുമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതുതലമുറ ഐ.പി. എസുകാര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ജേക്കബ് തോമസിന്റേത്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റേതായ പ്രവര്‍ത്തനശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അധികാര വര്‍ഗ്ഗത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാതെ സാധാരണക്കാരന്റെ പ്രയാസങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും സാധിച്ചത് മനുഷ്യത്വമുള്ള ഐ. പി. എസുകാരന്‍ എന്ന പേര് നേടിക്കൊടുത്തു.

ഉദ്യോഗസ്ഥര്‍ മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്തിയും ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നല്ലൊരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാനാകൂ എന്ന് ജേക്കബ് തോമസ് പറയുന്നു. തന്റെ ജീവിതം തന്നെയാണ് ഉദാഹരണമായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ പേരില്‍ അധികാരവര്‍ഗ്ഗത്തിന്റെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുമുണ്ട്. ജനങ്ങളെ സേവിക്കുകയെന്നതാണ് തന്റെ കര്‍ത്തവ്യമെന്നും അവരുടെ പ്രയാസങ്ങളെ സ്വന്തം പ്രയാസങ്ങളായി കാണുന്ന ഉദ്യോഗസ്ഥരാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

വിവാദങ്ങളോടും മാനസിക സംഘര്‍ഷങ്ങളോടും മല്ലിടാനുള്ള ആത്മ സംയമനം കരാട്ടേയിലൂടെയാണ് തനിക്ക് ലഭിച്ചതെന്ന് ജേക്കബ് തോമസിന് നിസംശയം പറയാം. പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള ശക്തിയും ഓജസും ഇതിലൂടെ ലഭിച്ചു. ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിടുന്നതും അതുകൊണ്ടുതന്നെയാണെന്ന് അദ്ദേഹം പറയുന്നു. സംശുദ്ധമായ ഔദ്യോഗിക ജീവിതത്തില്‍ ധാരാളം അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പ്രസിഡന്റിന്റെ സ്‌വോര്‍ഡ് ഓഫ് ഓണര്‍, പീസ് അവാര്‍ഡ്, മനോരമയുടെ ന്യൂസ് മേക്കല്‍ ഓഫ് ദ ഇയര്‍ എന്നിവ അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളില്‍ ചിലതാണ്. കരുണാകരനേയും ഇ. എം. എസിനേയും പോലെയുള്ള നേതാക്കള്‍ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു.

image


ബാര്‍കോഴ, പാറ്റൂര്‍ ഭൂമി ഇടപാട് കേസുകളില്‍ തന്റേതായ നിലപാട് എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചു. വ്യക്തമായ തെളിവുകളോടെയാണ് ജേക്കബ് തോമസ് എല്ലാ കാര്യങ്ങളും പറയുന്നത്. അദ്ദേഹത്തിന്റെ വിമര്‍ശനം ഭരണത്തിനോ, ഭരണകൂടത്തിനോ എതിരല്ല. അഴിമതിക്കെതിരെ മാത്രമാണ് ജേക്കബ് തോമസ് എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ശബ്ദിച്ചത്. ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനം, തെറ്റുകണ്ടാല്‍ അത് ഉന്നയിക്കാനുള്ള ചങ്കൂറ്റം എന്നിവയാണ് മറ്റ് ഉദ്യോഗസ്ഥരില്‍നിന്ന് ജേക്കബ് തോമസിനെ വ്യത്യസ്തനാക്കുന്നത്. ജനപ്രതിനിധികള്‍ ജന പക്ഷത്തുനിന്നും ചിന്തിക്കുന്നവരാകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയുള്ള ഭരണകൂടം ഉണ്ടായാല്‍ മാത്രമേ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളു. ജനപ്രതിനിധികള്‍ക്കൊപ്പം ഉദ്യോഗസ്ഥരും ജനപക്ഷത്ത് തന്നെ നില്‍ക്കണമെന്നും അദ്ദേഹം പറയുന്നു.

എതിര്‍പ്പുകളോട് മല്ലിടാനുള്ള തന്റേടം ചെറുപ്പത്തിലേ ഓരോരുത്തരും വാര്‍ത്തെടുക്കണം. അതിലൂടെ മാത്രമേ നമുക്ക് നല്ലൊരു ലക്ഷ്യബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയു. നല്ലൊരു സമൂഹം ഉണ്ടായാലേ അനീതിക്കെതിരെ പോരാടാന്‍ ആളുണ്ടാകുകയുള്ളുവെന്നും ജേക്കബ് തോമസ് പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നു.നമ്മുടെ നിയമത്തില്‍ എല്ലാവരും തുല്യരാണ്. അവിടെ അധികാരവര്‍ഗ്ഗവും പണക്കാരനും പാവപ്പെട്ടവനും എന്നൊന്നില്ല. സമൂഹം എന്താണ് നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നത് അത് സമൂഹത്തിന് നല്‍കേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണ്. ഭീഷണികളും പീഡനങ്ങളും എത്രതന്നെ ഏല്‍ക്കേണ്ടിവന്നാലും അഴിമതി കണ്ടാല്‍ എതിര്‍ക്കുമെന്നും ജനക്ഷേമത്തിനുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.