കേരളാ പോലിസിൽ വൻ അഴിച്ച് പണി
സംസ്ഥാന പൊലീസ് സേനയിലെ ക്രമസമാധാനപാലന ചുമതലയുള്ള ഒമ്പത് എസ്.പിമാരടക്കം 19 എസ്.പിമാർക്ക് മാറ്റമെന്ന് റിപ്പോർട്ട്. സർവീസിൽ നിന്ന് വിമരിച്ച ശേഷം ഐ.പി.എസ് ലഭിച്ച എട്ട് പേരും പുതിയ നിയമത്തിൽ ഉൾപ്പെടും. പൊലീസ് സേനയുടെ തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പിണറായി സർക്കാറിന്റെ പുതിയ നടപടി.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ, കണ്ണൂർ, തൃശൂർ റൂറൽ, കോഴിക്കോട് സിറ്റി, ആലുവ റൂറൽ, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലെ എസ്.പിമാർക്കാണ് മാറ്റം. കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് മേധാവികളും മാറുമെന്നാണ് വിവരം.
കണ്ണൂരിൽ കെ.പി ഫിലിപ്പ്, പാലക്കാട് പി. പുഷ്കരൻ, ആലപ്പുഴയിൽ വി.എം മുഹമ്മദ് റഫീഖ് എസ്.പിമാരാകും. തൃശൂർ റൂറൽ എസ്.പി ആർ. നിശാന്തിനിയെ വിജിലൻസിലേക്ക് മാറ്റും. പത്തനംതിട്ട എസ്.പി ആയിരിക്കെ ആരോപണ വിധേയനായി മാറ്റിനിർത്തപ്പെട്ട രാഹുൽ ആർ. നായർക്കും പുതിയ ചുമതലയുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറാകും. ബി. അശോകനായിരിക്കും പത്തനംതിട്ട എസ്.പി.
വിരമിച്ച ശേഷം ഐ.പി.എസ് ലഭിച്ച സാം ക്രിസ്റ്റി ഡാനിയേൽ, കെ. രാധാകൃഷ്ണൻ, അലക്സ് കെ. ജോൺ, കെ.ബി വേണുഗോപാൽ, സക്കറിയ ജോൺ എന്നിവർക്കും പുതിയ നിയമനം ലഭിക്കും. വിജിലൻസിനെ കൂടുതൽ കാര്യക്ഷമമാക്കുന്ന നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നാണ് വിവരം.
കടപ്പാട്: ജി ആര് കാര്‍ത്തിക