ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രമായി കേരളം
കുടുംബങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി അനുഭവസ്ഥരായ യാത്രികര്‍ കേരളത്തെ തെരഞ്ഞെടുത്തു. ലോണ്‍ലി പ്ലാനെറ്റ് മാഗസീന് ഇന്ത്യ (എല്പിഎംഐ) ട്രാവല്‍ അവാര്‍ഡ്സ് 2016ലാണ് ഇന്ത്യയിലെ മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം എന്ന പദവി ദൈവത്തിന്റെ സ്വന്തം നാട് ഉറപ്പിച്ചത്. മുംബൈയില്‍ നടന്ന പുരസ്കാരദാനച്ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ യു. വി. ജോസ് പുരസ്കാരം ഏറ്റുവാങ്ങി.
ടൂറിസം വ്യവസായത്തിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന വാര്‍ഷിക പുരസ്കാരത്തില്‍ ഏറ്റവും മികച്ച യാത്രാനുഭവങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട താമസസ്ഥലങ്ങള്‍, ഇന്ത്യക്കാര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കേന്ദ്രങ്ങള്‍ എന്നിവ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ട്രോപ്പിക്കല്‍ സിംഫണി എന്ന് വിവരിച്ചിരിക്കുന്ന കേരളത്തിലെ യാത്രാനുഭവം കായലില്‍ തെന്നിനീങ്ങുംപോലെ ക്ലേശരഹിതയും അനുഭവസമ്പന്നവുമാണെന്ന് മാസികയുടെ വായനക്കാര്‍ പറയുന്നു. നിരവധി ആകര്‍ഷകമായ വിനോദോപാധികളും തൃപ്തികരമായ വിലയിലെ താമസ, ഭക്ഷണ സൗകര്യങ്ങളും കുട്ടികളോടും മുതിര്‍ന്ന പൗരന്മാരോടും സൗഹാര്‍ദ്ദപരവും കരുതലോടെയുമുള്ള സമീപനം സ്വീകരിക്കുന്ന പ്രാദേശിക സംസ്കൃതിയുമുള്ള കേരളം കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്ക് ഏളുപ്പവും സൗകര്യപ്രദവുമായ കേന്ദ്രമാണെന്നും വിലയിരുത്തലുണ്ട്.
യാത്രാ വിദഗ്ധരുടെയും പ്രൊഫഷനലുകളുടെയും പാനല്‍ തെരഞ്ഞെടുക്കുന്ന നാമനിര്‍ദേശപ്പട്ടികയില്‍നിന്ന് ഓണ്‍ലൈന്‍ വഴിയും മാസികയിലൂടെയും വായനക്കാര്‍ വോട്ട് ചെയ്താണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം എന്ന വിഭാഗത്തിലെ പുരസ്കാരം കൂടാതെ സാംസ്കാരിക, വിശ്രമാധിഷ്ഠിത കേന്ദ്ര വിഭാഗങ്ങളിലും കേരളത്തിനു നാമനിര്‍ദേശം ലഭിച്ചിരുന്നു. ആകെ 20 വിഭാഗങ്ങളിലായാണു മത്സരം നടന്നത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായുള്ള മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്കാരം ലഭിച്ചതും സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര വിപണിയുമായ ബ്രിട്ടനൊപ്പം സ്ഥാനം ലഭിച്ച കേരളത്തെ പുറംലോകത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞ ലോകമായാണ് ലോണ്‍ലി പ്ലാനെറ്റ് വിവരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ അപരനാമം ഇപ്പോള്‍ ഉചിതമായിരിക്കുകയാണെന്നും മാസിക ചൂണ്ടിക്കാട്ടി.
കേരള ടൂറിസത്തിന്റെ തലപ്പാവിലെ ഏറ്റവും ഒടുവിലത്തെ പൊന്‍തൂവലാണ് ലോണ്‍ലി പ്ലാനെറ്റ് പുരസ്കാരം. ടൂറിസം ആശയവിനിമയരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്കാരം ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മള്‍ട്ടീമീഡിയ ക്യാംപെയിനായ ന്യൂ വേള്‍ഡ്സിന് കഴിഞ്ഞ മാസം ലോകത്തെ പ്രമുഖ ട്രാവല്‍, ട്രേഡ് ഷോ ആയ ഐറ്റിബി ബെര്‍ലിന്‍ 2016ല്‍ കേരള ടൂറിസത്തിന് ലഭിച്ചിരുന്നു. ഐക്യരാഷ്ട്രസഭ ലോക വിനോദസഞ്ചാര സംഘടനയുടെ യുളീസസ് പുരസ്കാരവും സുസ്ഥിര വിനോദസഞ്ചാരത്തിലെ ആഗോളനേതാവ് എന്ന നിലയിലെ സംഭാവനകള്‍ക്കായി കേരള ടൂറിസത്തിന് ലഭിച്ചിരുന്നു.