കോടികളുടെ ശമ്പളം ഉപേക്ഷിച്ച രാജു ഭൂപതിയുടെ ഫാസ്റ്റ് ഫുഡ് ശൃംഖല

16th May 2016
  • +0
Share on
close
  • +0
Share on
close
Share on
close

ലാബ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച രാജു ഭൂപതിക്ക് ജീവിതത്തില്‍ ആദ്യമായി ശമ്പളമായി ലഭിച്ചത് ആയിരം രൂപയായിരുന്നു. അവിടെ നിന്ന് ഐ ടി രംഗത്തേക്കു കടന്ന അദ്ദേഹം ഒടുവില്‍ വാര്‍ഷികമായി മൂന്ന് കോടി രൂപ ശമ്പളം ലഭിക്കുന്ന ആരും കൊതിക്കുന്ന കമ്പനിയുടെ തലപ്പത്തെത്തി. എന്നാല്‍ ഈ സ്വപ്‌ന തുല്യമായ ശമ്പളവും ജോലിയുമുപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായിരുന്നു രാജു ഭൂപതിക്ക് ആഗ്രഹം. അതിന് ഫലവുമുണ്ടായി. ഇന്ന് രാജു ഭൂപതി തുടങ്ങിവെച്ച ഹലോ കറി എന്ന ഫാസ്റ്റ് ഫുഡ് ശൃംഖല ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര സംരഭങ്ങളിലൊന്നാണ്.

image


ഡോക്ടറാകണമെന്നായിരുന്നു രാജുവിന്റെ കുട്ടിക്കലത്തെ ആഗ്രഹം. എന്നാല്‍ വന്നു പെട്ടത് ലാബ് അസിസ്റ്റന്റിന്റെ ജോലിയിലും. ആദ്യ ശമ്പളം നിശ്ചയിച്ചിരുന്നത് 1000 രൂപ. എന്നാല്‍ രാജുവിന്റെ ജോലിയിലെ മികവ് കണ്ട് കമ്പനിയുടമ 1500 രൂപ രാജുവിന് നല്‍കി. രാജുവിന്റെ ജോലിയെക്കുറിച്ച് നല്ലത് പറയുകയും ചെയ്തു. അക്കാലത്ത് സാധാരണ ഒരു ജോലിക്കാരന് പോലും 5000 രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിട്ടും രാജു ആ കമ്പനിയില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ പുതുതായി ജോലിക്ക് ചേര്‍ന്നവര്‍ക്ക് 10000-15000 രൂപ ശമ്പളമായി നല്‍കിയിരുന്നു. തനിക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിട്ടും ശമ്പളം കുറവാണ്, ബിരുദം മാത്രമുള്ളവര്‍ക്ക് തന്നേക്കാള്‍ ശമ്പളം. രാജു ചിന്തിച്ചു തുടങ്ങി. സമൂഹത്തില്‍ ഡോക്ടര്‍ക്കും എഞ്ചിനീയര്‍ക്കും മാത്രമേ പരിഗണന ലഭിക്കുന്നുള്ളൂ. തന്നെപ്പോലെ സാധാരണ രീതിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും വിജയിച്ചവര്‍ക്ക് ഇവിടെ വില ലഭിക്കുന്നില്ല. ഐ ഐ ടിയില്‍ നിന്നും ഐ ഐ എമ്മില്‍ നിന്നും ബിരുദം ലഭിച്ചവര്‍ക്ക് മാത്രമേ മികച്ച രീതിയില്‍ ജോലി ചെയ്യാനാകൂ എന്ന് കമ്പനികള്‍ വിചാരിക്കുന്നു. ബാക്കിയുള്ളവര്‍ ക്ലാര്‍ക്കിന്റെ പണികള്‍ക്ക് മാത്രമാണ് യോഗ്യരെന്നാണ് പൊതു ധാരണ. ഈ ധാരണ തിരുത്തിക്കുറിക്കണമെന്നു തന്നെ രാജി തീരുമാനിച്ചു. ഒരു വര്‍ഷത്തിനകം ജോലിയിലെ മികവു കൊണ്ട് മറ്റുള്ളവരുടെ ഒപ്പമെത്തണമെന്ന് രാജു തീരുമാനമെടുത്തു.

image


2001ലാണ് രാജു ആപ് ലാബ് എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പത്തു വര്‍ഷം കൊണ്ട് രാജു ഈകമ്പനിയുടെ മാനേജര്‍ പദവിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ആപ് ലാബിന്റെ സി എസ് സിയുടെ വൈസ് പ്രസിഡന്റ് എന്നീ തസ്തികകളിലേക്കെത്തിച്ചേര്‍ന്നു. എന്നാല്‍ ജോലിയുടെ ഒരു ഘട്ടത്തില്‍ അമേരിക്കയില്‍ ജോലി നോക്കവേ തന്റെ നാടായ ഹൈദ്രാബാദിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം കലശലായി. കമ്പനിയില്‍ നിന്ന് രാജി വെക്കാന്‍ തന്നെ രാജു തീരുമാനിച്ചു. എന്നാല്‍ കമ്പനി സി ഇ ഒ രാജുവിനെ വിലക്കി. സാമ്പത്തിക സ്ഥിതി അത്ര ഭദ്രമല്ലാത്ത നിലയില്‍ ജോലി രാജി വെക്കുന്നത് അത്ര ബുദ്ധികരമാകില്ലെന്നും രണ്ടു മാസം കഴിഞ്ഞ് വേണമെങ്കില്‍ തീരുമാനം മാറ്റാമെന്നും സി ഇ ഒ രാജുവിനോട് പറഞ്ഞു. ആ സമയത്ത് രാജുവിന്റെ ഭാര്യ ഗര്‍ഭിണിയുമായിരുന്നു. തന്റെ മോശം സമയത്ത് തന്റെ കൂടെ നിന്ന കമ്പനിക്ക് തന്റെ സേവനവും രാജു മനസറിഞ്ഞു നല്‍കി. തുടര്‍ന്ന് 5-6 വര്‍ഷം രാജു അമേരിക്കയില്‍ തുടര്‍ന്നു. 

image


എന്നാല്‍ രണ്ടാം തവണ നാട്ടിലേക്ക് വന്നപ്പോള്‍ രാജുവിന് അമേരിക്കയില്‍ തിരികെ പോകണം എന്നു തന്നെയായിരുന്നു ആഗ്രഹം. അമ്മയുടെ വിയോഗവും ബാക്കി ബന്ധുക്കളെല്ലാം അമേരിക്കയിലേക്ക് താമസം മാറിയതുമായിരുന്നു രാജുവിന്റെ മനം മാറ്റത്തിന് കാരണം. അവിടെത്തന്നെ തുടര്‍ന്ന രാജു കമ്പനിയില്‍ ഉയരങ്ങളിലേക്ക് കയറുകയായിരുന്നു. തന്റെ കീഴില്‍ 500 ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. അമേരിക്കയില്‍ ഒരു നദിക്കരയില്‍ ഒരു ബംഗ്ലാവും രാജു വാങ്ങി. അവിടേക്ക് താമസം മാറാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഇന്ത്യയില്‍ നിന്ന് സി ഇ ഒയുടെ ഫോണ്‍ വരുന്നത്. തിരികെ ഇന്ത്യയിലേക്ക് വരണമെന്ന ആവശ്യമായിരുന്നു അദ്ദേഹം മുന്നോട്ടു വച്ചത്. ഞാന്‍ അമേരിക്കയില്‍ സ്ഥിരതാമസമാകാന്‍ പോകുന്ന കാര്യമൊക്കെ പറഞ്ഞിട്ടും അദ്ദേഹം മുന്നോട്ടു വെച്ച ഒരു ഓഫര്‍ എനിക്ക് നിരസിക്കാനായില്ല. അങ്ങനെ 500 പേരെ നിയന്ത്രിച്ചിരുന്ന ഞാന്‍ 5000 പേരെ നിയന്ത്രിക്കുന്ന കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലേക്ക് നിയമിക്കപ്പെട്ടു. വീണ്ടും ഇന്ത്യയിലെത്തി ജോലി തുടര്‍ന്നു. 12 വര്‍ഷത്തിനുള്ളില്‍ ഞാന്‍ 14 വീട്ടിലെങ്കിലും താമസം മാറിയിട്ടുണ്ടാകും. ഈ ജോലിയെല്ലാം ചെയ്യുമ്പോള്‍ സമാന്തരമായി ഉള്ളില്‍ നിന്ന് ചില ചോദ്യങ്ങളും ഉയര്‍ന്നു വന്നു. എന്തിനു വേണ്ടിയാണ് താന്‍ ഈ ജോലി ചെയ്യുന്നത്. ഐ ടി മേഖലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഇതിനകം താന്‍ ചെയ്തു കഴിഞ്ഞു. ഇതിനു ശേഷം തനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍ രാജുവിന്റെ മനസില്‍ ഉദിച്ചു. സ്വയം തിരിച്ചറിവിലേക്കുള്ള സമയമയാണ് രാജു ആ കാലത്തെ കാണുന്നത്. ഏറെ ആലോചനകള്‍ക്ക് ശേഷം ആരും മോഹിക്കുന്ന ആ പദവിയില്‍ നിന്നും ഐ ടി മേഖലയില്‍ നിന്നും രാജി വെക്കാന്‍ രാജു തീരുമാനമെടുത്തു. തനിക്ക് ഏറെ താത്പര്യമുള്ള സംഗീതത്തിന്റെ മേഖലയില്‍ രാജു ഒരു കൈ നോക്കി. ഒരു ആല്‍ബം നിര്‍മ്മിച്ചു. എന്നാല്‍കാര്യങ്ങള്‍ ശരിയായില്ല.

image


രാജുവിന്റെ അഭിപ്രായത്തില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുക എന്നത് താരതമ്യേന എളുപ്പമുള്ളകാര്യമാണ്. എന്നാല്‍ ഒരു കമ്പനി നടത്തുന്നയാള്‍ക്ക് ഒട്ടനവധി കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്താല്‍ മാത്രമേ ആ കമ്പനി നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയൂ. ആളുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് അവര്‍ തങ്ങളുടെ ജോലി തിരഞ്ഞെടുക്കുന്നത്. ചിലര്‍ മറ്റുള്ളവരുടെ കമ്പനിയില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുമ്പോള്‍ ചിലര്‍ സ്വന്തം കമ്പനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ വ്യത്യസ്തമായ സംരംഭങ്ങള്‍ തുടങ്ങി അതില്‍ വ്യാപൃതരാകാനായിരിക്കും താത്പര്യം.

അങ്ങനെയാണ് വീട്ടിലേക്ക് ഭക്ഷണം എത്തിക്കുന്ന ഹലോ കറി എന്ന ഫാസ്റ്റ് ഫുഡ് ശൃംഖല തുടങ്ങുന്നത്. എന്നാല്‍ തുടക്കം അത്രമെച്ചമായിരുന്നില്ല. ബാംഗ്ലൂരില്‍ ആറു ശാഖ തുടങ്ങിയതില്‍ നാലെണ്ണം പൂട്ടേണ്ടി വന്നു. എന്നാല്‍ തുടര്‍ പരിശ്രമത്തില്‍ വിജയം രാജുവിനൊപ്പമായിരുന്നു. ജീവിതവിജയത്തിന് ഒരു ലക്ഷ്യം എപ്പോഴുമുണ്ടാകണമെന്ന വാദമാണ് രാജു മുന്നോട്ടു വെക്കുന്നത്. വ്യത്യസ്തമായി എന്തെങ്കിലും തുടങ്ങണമെന്ന അദമ്യമായ ആഗ്രഹം രാജു ഭൂപതിയെന്ന വ്യക്തിയെ വിജയത്തിന്റെ സോപാനത്തിലേക്കാണ് എത്തിച്ചത്. 

Want to make your startup journey smooth? YS Education brings a comprehensive Funding and Startup Course. Learn from India's top investors and entrepreneurs. Click here to know more.

  • +0
Share on
close
  • +0
Share on
close
Share on
close

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക

Our Partner Events

Hustle across India