പെണ്‍കുട്ടികളെ പഠിപ്പിക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനമായി ഫാമര്‍ ഓടുന്നു
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസമാഹരണത്തിനായി ഓസ്‌ട്രേലിയന്‍ മാരത്തണ്‍ ഓട്ടക്കാരനും മുന്‍ പാര്‍ലമെന്റംഗവുമായ പാറ്റ് ഫാമറുടെ ഭാരതപര്യടനം തുടങ്ങി.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സ്പിരിറ്റ് ഓഫ് ഇന്ത്യ റണ്ണിന് കേരളത്തില്‍ ടൂറിസം വകുപ്പാണ് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യഓസ്‌ട്രേലിയബന്ധം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മാരത്തണ്‍ ലക്ഷ്യമിടുന്നുണ്ട്.
കന്യാകുമാരിയില്‍നിന്ന് ചൊവ്വാഴ്ച്ച ആരംഭിച്ച യാത്രയ്ക്ക് കേരളതമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയില്‍ മികച്ച സ്വീകരണം ലഭിച്ചു. ടൂറിസം ഉദ്യോഗസ്ഥരും അര്‍ജുന അവാര്‍ഡ് ജേതാവായ ഓമന കുമാരിയും പങ്കെടുത്ത ചടങ്ങില്‍ കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.
പൂവാര്‍, വര്‍ക്കല, ഹരിപ്പാട്, കൊച്ചി, ഗുരുവായൂര്‍, ഫറൂഖ്, വടകര, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 60 ദിവസംകൊണ്ട് 4,600 കിലോമീറ്റര്‍ താണ്ടി ശ്രീനഗറില്‍ സമാപിക്കും.
സംസ്ഥാനത്തെ ഫാമറുടെ യാത്രയുടെ ക്രമീകരണങ്ങളും മറ്റ് സൗകര്യങ്ങളും കൈകാര്യം ചെയ്യുന്ന കേരള ടൂറിസത്തിന്റെ വാഹനവും പ്രതിനിധിയും യാത്രയ്‌ക്കൊപ്പം ചേരുന്നുണ്ട്. ജനുവരി 27ന് വര്‍ക്കലയിലും 29ന് കൊച്ചിയിലും ഫെബ്രുവരി നാലിന് കാസര്‍ഗോഡും ഇന്ത്യ ടൂറിസവും കേരള ടൂറിസവും ചേര്‍ന്ന് ഫാമര്‍ക്ക് ഇന്ത്യ ഈവനിങ് എന്ന പേരില്‍ പ്രത്യേക സ്വീകരണം നല്‍കും. യാത്രയ്ക്കിടെ സാര്‍വത്രിക വിദ്യാഭ്യാസവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായി ഫാമര്‍ സംവദിക്കും. കേരളത്തില്‍ ആറ്റിങ്ങല്‍, തിരൂര്‍ എന്നിവടങ്ങളിലായി രണ്ടു സ്‌കൂളുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
യാത്രയുടെ ആരംഭഘട്ടത്തില്‍ കടുത്ത ചൂടും മറ്റ് വൈഷമ്യതകളും അതിജീവിക്കാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്രയായതിനാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന് ഫാമര്‍ വ്യക്തമാക്കി. സന്നദ്ധസേവനം ദൗത്യമായി കരുതുന്ന ഈ അമ്പത്തിമൂന്നുകാരന്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഇത് അന്വര്‍ഥമാക്കുന്നതാണ് രണ്ടു ദശാബ്ദമായിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ഓസ്‌ട്രേലിയന്‍ മണ്ണിലെ ദീര്‍ഘദൂര ഓട്ടത്തിന് റെക്കോര്‍ഡ് നേടിയ ഫാമര്‍ സമാധാന സന്ദേശ പ്രചരണത്തിനായി ലബനന്‍ മുതല്‍ ജെറുസലേമിലൂടെ വിയറ്റ്‌നാം വരെ 20 ദിവസത്തെ യാത്ര നടത്തിയിരുന്നു. കൂടാതെ 2011ല്‍ 14 രാജ്യങ്ങളിലായി 20,000 കിലോമീറ്റര്‍ ദൂരം പിന്നിട്ട ധ്രുവാന്തര യാത്രയിലൂടെ പാറ്റ് ഫാമര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വികസ്വര രാഷ്ട്രങ്ങളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി റെഡ്‌ക്രോസിനുവേണ്ടി ഒരു കോടി ഡോളര്‍ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ലൈഫ്‌ലൈന്‍, കാന്‍സര്‍ കൗണ്‍സില്‍, ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ്, ഡയബെറ്റ്‌സ് ഓസ്‌ട്രേലിയ തുടങ്ങിയ സംഘടനകള്‍ക്കായുള്ള ധനശേഖരണത്തിനും ഫാമര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഒരു പെണ്‍കുട്ടിക്ക് പ്രതിവര്‍ഷ വിദ്യാഭ്യാസ ചെലവ് 2,400 രൂപ എന്ന നിലയില്‍ 48 ലക്ഷത്തോളം രൂപ കണ്ടെത്താനാകുമെന്നാണ് ഫാമറുടെ പ്രതീക്ഷ.
ധനസമാഹരണത്തിനപ്പുറം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും യാത്ര സഹായിക്കുമെന്നു പ്രത്യാശിക്കുന്നതായി ഫാമര്‍ പറഞ്ഞു. വിദേശകാര്യ, ടൂറിസം മന്ത്രാലയങ്ങളുടെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുകളുടെയും പിന്തുണ ഇദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും ഓസ്‌ട്രേലിയന്‍ ദിനവുമായ ജനുവരി 26നു ത്രിവേണി സംഗമത്തിനു സാക്ഷ്യം വഹിക്കുന്ന കന്യാകുമാരിയില്‍തന്നെ മാരത്തണ്‍ ആരംഭിക്കാനായതും വിജയകരമായി ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നതിന് സഹായകമാകും എന്നാണ് പ്രതീക്ഷയെന്നും ഫാമര്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചാനലായ ചാനല്‍9 യാത്രയിലുടനീളം ഫാമറെ പിന്തുടരുന്നുണ്ട്. യാത്രയില്‍ മുന്നൂറോളം സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളും ഈ സംഘം പകര്‍ത്തും. ഫാമറിന്റെ പരിശീലകനും ഫിസിയോതെറാപ്പിസ്റ്റും അടങ്ങുന്ന സംഘവും യാത്രയെ അനുഗമിക്കുന്നുണ്ട്. മാര്‍ച്ച് 30ന് ശ്രീനഗറില്‍ യാത്ര അവസാനിക്കും.