ഇന്ദുലേഖ ഹെയർ ഓയിൽ @ 330 കോടി
ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് പ്രശസ്തനായ വില്യം ഷേക്ക്‌സ്പിയർ ഒരിക്കൽ ചോദിച്ചു. പക്ഷെ തലശ്ശേരി ആസ്ഥാനമായ മോസണ്‍സ് ഗ്രൂപ്പിനോട് ചോദിച്ചാൽ പറയും - ആശയം വ്യക്തമാക്കുന്ന, ജനങ്ങളുടെ മനസ്സിൽ പെട്ടെന്ന് ഓർമ്മിക്കാൻ പറ്റിയ പേര് ബിസിനസിൽ വിജയിക്കാൻ അനിവാര്യമാണ്. ഈ വാക്കുകളെ സത്യമാക്കികൊണ്ടാണ് എഫ് എം സി ജി രംഗത്തെ ആഗോള കമ്പനിയായ ഹിന്ദുസ്ഥാൻ യുണിലീവർ ഇന്ദുലേഖ ഹെയർ ഓയിലിന്റെ നിർമ്മാതാക്കളായ മോസണ്‍സ് ഗ്രൂപ്പിനെ ഏറ്റെടുത്തിരിക്കുന്നത്, അതും കേരളത്തിലെ ഒരു ബ്രാൻഡിന് കിട്ടാവുന്ന റെക്കോർഡ് തുകക്ക്! 330 കോടി രൂപ മുടക്കിയാണ് യുണിലീവർ ഇന്ദുലേഖയെ സ്വന്തമാക്കിരിക്കുന്നത്.
1976-ൽ എസി മൂസ തലശേരിയിൽ ആരംഭിച്ച മോസണ്‍സ് ഗ്രൂപ്പിന് വെളിച്ചണ്ണ ഉത്‌പാദനവും, കയറ്റുമതിയും, എഞ്ചിനീയറിംഗ്, കേക്ക്, എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യം ഉണ്ട്.
"തലശ്ശേരിക്കാരനായ നോവലിസ്റ്റ് ഓ ചന്തുമേനോന്റെ പ്രസിദ്ധമായ ഇന്ദുലേഖ എന്ന് കഥാപാത്രമാണ് ആ പേരിടാൻ ഗ്രൂപ്പിന് പ്രചോദനമായത്" മോസണ്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം പി ഫയാസ് പറഞ്ഞു.
1994 ൽ മലയാളിയായ ആർ കല്യാണരാമൻ (ഗുഡ്നൈറ്റ് മോഹൻ) കൊതുകിനെ തുരത്താൻ നിർമ്മിച്ച ഗുഡ്നൈറ്റ് എന്ന് ബ്രാൻഡ് ഗോദ്റെജ് 126 കോടി രൂപയ്ക്ക് ഏറ്റെടുത്തതാണ് ഇതിന് മുന്പ് കേരളത്തിൽ നിന്നും കോടികൾ കിലുക്കിയായ ബിസിനസ്. ഇമാമി 2000 കോടി രൂപയ്ക്ക് ഉത്തരേന്ത്യൻ ബ്രാൻഡയായ കേശ്കിങ്ങ് ഏറ്റെടുത്തിരുന്നു.
ഇന്ദുലേഖ, വയോധ എന്നീ പേരുകളിലാണ് മോസണ്‍സ് ഗ്രൂപ്പ് ഹെയർ ഓയിൽ, ഷാമ്പൂ, സ്കിൻ കെയർ ഓയിൽ, ഫേസ്പായ്ക്ക്, ക്രീം, ജാസ്മിൻ, സാൻഡൽ തുടങ്ങിയ ഉത്പന്നങ്ങൾ വിപണനം ചെയ്തിരുന്നത്. ഇനി യുണിലീവർ ഈ മേഖല കൈകാര്യം ചെയ്യും. മോസണ്‍സ് ഗ്രൂപ്പിന്റെ തലശേരിയിലെ ഫാക്ടറിയിൽ തന്നെ ഒരു വർഷത്തേക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കും. എച്ച് യു എൽ അഖിലേന്ത്യാതലത്തിൽ നിർമ്മാണം തുടങ്ങുമ്പോൾ 2017-18 കാലയളവ് മുതൽ വിറ്റുവരവിന്റെ 10 ശതമാനം അഞ്ചു വർഷത്തേക്ക് മോസണ്‍സ് ഗ്രൂപ്പിന് ലഭിക്കും.
100 കോടി രൂപയുടെ വിറ്റുവരവാണ് മോസണ്‍സ് ഗ്രൂപ്പിന് ഇന്ദുലേഖ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളിൽ നിന്നും ലഭിച്ചത്. 2009 ൽ ആണ് ഇന്ദുലേഖ എന്ന് റീബ്രാൻഡ് ചെയ്തത്. അവിടെ നിന്നും ഗ്രൂപ്പ് അതിവേഗം വളർച്ച കൈവരിക്കുകയായിരുന്നു.