അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി ധന്യാ രാമന്‍
കാടിന്റെ മക്കളുടെ ഉന്നമനത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്കിടയില്‍ നിന്ന് വാക്കിനെക്കാള്‍ മൂര്‍ച്ചയുള്ള പ്രവൃത്തിയുമായി ഒരു വനിത. അതാണ് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍. ആദിവാസികളുടെ അര്‍ഹമായ അവകാശങ്ങളും ആവശ്യങ്ങളും അവര്‍ക്ക് നേടിക്കൊടുക്കുന്നതിന് വേണ്ടി അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് അവരില്‍ ഒരാളായി ജീവിക്കുന്ന പച്ചയായ സ്ത്രീത്വത്തിന്റെ മുഖമാണ് ധന്യാ രാമനിലൂടെ നാം ഓരോരുത്തരും കാണുന്നത്.
കാസര്‍കോഡ് ജില്ലയിലെ ദളിത് നേതാവായ പി.കെ.രാമന്റെയും യശോദ രാമന്റെയും മകളായി ജനിച്ച ധന്യ ബാല്യം മുതല്‍ക്കെ അച്ഛന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണ്ടു വളര്‍ന്നു. ആദിവാസികളുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങള്‍ അച്ഛനോട് പറയുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുന്നത് കണ്ടും കേട്ടുമാണ് ധന്യ വളര്‍ന്നത്. അവിടെ നിന്നുമാണ് ജീവിതം ആദിവാസികള്‍ക്കായി അവര്‍ മാറ്റി വച്ചത്.
സ്‌കൂള്‍ പഠനം മുതല്‍ക്കെ ധന്യ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും അത് പരിഹരിച്ചും അവര്‍ക്ക് സഹായ ഹസ്തങ്ങളുമായി അവരിലൂടെ വളര്‍ന്നു. വീട്ടില്‍ ലിപിയില്ലാത്ത തുളുഭാഷയിലാണ് അവര്‍ സംസാരിച്ചിരുന്നത്. പൊതുജനങ്ങളോട് സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും മലയാള ഭാഷ അനിവാര്യമാണെന്ന് മനസ്സിലാക്കി അവര്‍ അത് പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. എന്നും രണ്ടാം സ്ഥാനത്ത് മാറ്റിനിര്‍ത്തപ്പെട്ട ആദിവാസി സമൂഹത്തിന് കൈത്താങ്ങുമായി ധന്യാ രാമന്‍ അവര്‍ക്കൊപ്പമുണ്ട്.
ഒരു സ്ത്രീയുടെയും കണ്ണീര്‍ കാണാന്‍ കഴിയില്ല എന്ന ധന്യയുടെ ഉറച്ച തീരുമാനമാണ് ആദിവാസിമേഖലയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍. ആദിവാസി സ്ത്രീകള്‍ എന്നും വീടിനുള്ളിലെ കഷ്ടപ്പാടുകള്‍ പേറി ഏത് നീചമായ സാഹചര്യത്തിലും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ആ സാഹചര്യം മാറ്റി സ്ത്രീ എന്താണെന്നും സ്ത്രീക്ക് സമൂഹത്തില്‍ എന്തൊക്കെ അവകാശങ്ങള്‍ ഉണ്ട് എന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് അവരെ അറിവില്ലായ്മയുടെ ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തില്‍ കൊണ്ടുവരാന്‍ ധന്യയ്ക്ക് സാധിച്ചു. അതിലൂടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധിക്കുവാനും പ്രതിഷേധിക്കാനുമുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുത്തു.
ആദിവാസികളെ ദ്രോഹിക്കുന്നവര്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന കരുത്തുറ്റ പെണ്‍മുഖമാണ് ധന്യാ രാമന്‍. ആദിവാസിക്ക് അന്തിയുറങ്ങാന്‍ അവകാശപ്പെട്ട ഭൂമി കൈയ്യടക്കി വച്ചിരിക്കുന്ന എസ്റ്റേറ്റ് മുതലാളിമാര്‍ മുതല്‍ അവരുടെ അവകാശങ്ങളില്‍ കൈവിട്ട് വാരുന്ന ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍മാര്‍ക്ക് മുന്നില്‍ വരെ പൊരുതി നിന്ന് അവകാശങ്ങള്‍ നേടികൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിലൂടെ അവര്‍ പലരുടെയും കണ്ണിലെ കരടായി അവര്‍ മാറി. അതിന്റെ ഫലമായി ഇരുട്ടിന്റെ മറവില്‍ ശത്രുക്കള്‍ അവരെ ആക്രമിച്ചു. ആദിവാസിമേഖലയിലെ ചൂഷണങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ രണ്ട് തവണയാണ് അവര്‍ക്ക് നേരെ കൊലപാതക ശ്രമം നടന്നത്. ഇതില്‍ ഒന്നും തന്നെ തളര്‍ത്താനോ തന്റെ പ്രവര്‍ത്തനങ്ങളെ കൂച്ചുവിലങ്ങിടുവാനോ കഴിയില്ല എന്ന് മുന്നോട്ടുള്ള ധന്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
ആദ്യകാല സാമൂഹിക പ്രവര്‍ത്തനം പ്രതിസന്ധികളും പ്രതിബന്ധനങ്ങളും നേരിടേണ്ടി വന്നെങ്കിലും നിശ്ചയദാര്‍ഢ്യത്തോടുള്ള യാത്രയില്‍ ധന്യാരാമന്‍ തന്റെ മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അധികാരികളുടെ ശ്രദ്ധ ഈ മേഖലകളിലേക്ക് തിരിക്കാനും ധന്യാരാമന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായി. പിന്നോക്കകാരുടെയും ദളിതരുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തെന്ന് മനസ്സിലാക്കി അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് അവരുടെ ആവശ്യം നിറവേറ്റഉകയും ചെയ്തു. ഈ ആദിവാസിമേഖലയെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതില്‍ ധന്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്.
അവിവാഹിതരായ ആദിവാസി അമ്മമാരുടെ ഊരുകള്‍ നിരവധിയാണ് കേരളത്തില്‍. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാതെ അമ്മമാരാകുന്ന ആദിവാസി പെണ്‍കുട്ടികള്‍ പ്രലോഭനങ്ങളിലും ചതിക്കുഴിയിലും പെടുന്നവരാണ് നാടിന്റെ കാപട്യമുഖം മനസ്സിലാക്കാതെ കാടിന്റെ നിഷ്‌ക്കളങ്കതയില്‍ ജീവിക്കുന്ന ഇവരെ പീഡിപ്പിക്കാന്‍ എത്തുന്നവരെ പലപ്പോഴും ഒറ്റയാള്‍ പട്ടാളമായി നിന്ന് നേരിട്ട് വിജയം വരിച്ചിട്ടുണ്ട് ധന്യ.
അഴിമതിക്കെതിരെയും മദ്യത്തിനെതിരെയും ധന്യ നടത്തുന്ന പോരാട്ടങ്ങള്‍ നിരവധിയാണ്. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ അവര്‍ക്ക് മുന്നില്‍ എത്താതെ അത് പല വഴികളിലായി പോകുന്നു എന്ന് മനസ്സിലാക്കി അതിനെതിരെ ശബ്ദമുയര്‍ത്തി അവരുടെ അവകാശങ്ങള്‍ അവരുടെ കൈകളില്‍ തന്നെ എത്തിക്കുവാന്‍ ധന്യയ്ക്ക് സാധിച്ചു. അതിലൂടെ നിത്യ ദാരിദ്ര്യം അനുഭവിക്കുന്ന ആദിവാസി ഊരുകളിലെ പട്ടിണി ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു.
പിന്നോക്കം സമുദായത്തെ അവഗണിക്കുന്നവരെ വെല്ലുവിളിച്ചുകൊണ്ട് ആ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന ധന്യയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം വരിച്ചു എന്നതിന് ഉദാഹാരണമാണ് ഫോട്ടോമാവ് എന്ന രീതിയില്‍ തിരുവനന്തപുരം പെരിങ്ങലയിലെ 52 ഏക്കറില്‍ 110 കുടുംബങ്ങള്‍ താമസിക്കുന്ന ഘോര വനത്തെ ഒരു പൂങ്കാവനം ആക്കി മാറ്റി. അവിടെയുള്ള ഊര് വാസികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റഉന്നതിനുള്ള സൗകര്യങ്ങളോ നല്ല റോഡോ ശുദ്ധമായ കുടിവെള്ളമോ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ മന്ത് രോഗം ബാധിച്ചവര്‍ കുടുംബപ്രശ്‌നങ്ങള്‍ മൂലം ജീവിതം തകര്‍ന്നവര്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയും ആ ഘോരവനത്തെ വാസയോഗ്യമാക്കി മാറ്റി.
ഊരിലുള്ള എല്ലാവര്‍ക്കും വിദ്യാഭ്യാസ വിദ്യാഭ്യാസം വിപ്ലവത്തിലൂടെ ആദിവാസി സമൂഹത്തിന് മാറ്റം വരണം എന്ന ചിന്തയില്‍ ദളിത് ആദിവാസി മേഖലകളിലെ 5000 ത്തോളം കുട്ടികളെ ധന്യ പഠിപ്പിക്കുന്നു. കുട്ടികള്‍ക്ക് നവോദയ സൈനികസ്‌കൂളുകളിലെ മത്സര പരീക്ഷകളില്‍ വിജയിക്കുന്നതിന് പ്രത്യേകം ട്യൂഷന്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പി.എസ്.സി ക്ലാസ്സുകള്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് അങ്ങനെ നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഊരിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതിയ കവാടം അവര്‍ തുറന്നിടുന്നു.
ആദിവാസികളും ദളിതരും മനുഷ്യരാണ്. അവര്‍ക്കും സമൂഹത്തിന് മുന്നില്‍ എത്തപ്പെടാനും സമൂഹത്തിന് ഒപ്പം നില്‍ക്കാനും അവകാശമുണ്ടെന്ന് അവരെ പഠിപ്പിച്ച അവരുടെ സ്വന്തം ധന്യാ രാമന്‍. ഒരു സ്ത്രീ എന്ന നിലയില്‍ വീട്ടില്‍ ഒതുങ്ങികൂടാതെ തനിക്ക് ചുറ്റും കഷ്ടപ്പെടുന്നവരും സഹായങ്ങള്‍ ധാരാളം ഉണ്ടെന്ന് മനസ്സിലാക്കി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തന്റെ ജീവനും ജീവിതവും ആദിവാസി ദളിത് സമൂഹത്തിന് മാറ്റി വച്ച് ധന്യ സമൂഹത്തിലെ ഓരോ പെണ്ണിനും മാതൃകയാവുകയാണ്. ഒന്നിലും തളരാതെ തന്റെ മേഖലയില്‍ ധൈര്യമായി മുന്നോട്ട് പോവുക എന്നതാണ് മറ്റുള്ളവരില്‍ നിന്ന് ധന്യയെ വേറിട്ട് നിര്‍ത്തുന്നത്.