സ്‌കൂള്‍ ബസിന്റെ യാത്രാ വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്

സ്‌കൂള്‍ ബസിന്റെ യാത്രാ വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്

Thursday December 17, 2015,

1 min Read

രക്ഷിതാക്കള്‍ക്കിനി ആശങ്കയില്ലാതെ തങ്ങളുടെ മക്കളെ സ്‌കൂള്‍ ബസുകളിലയക്കാം. സ്‌കൂള്‍ ബസുകള്‍ വീട്ടുമുറ്റത്തെത്തുന്നതും കാത്ത് രക്ഷകര്‍ത്താക്കള്‍ക്കിനി ഏറെ സമയം റോഡില്‍ പാഴാക്കേണ്ടിയും വരില്ല. സാങ്കേതിക വിദ്യകളുടെ പുതുയുഗത്തില്‍ സ്‌കൂള്‍ ബസുകളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാനും സംവിധാനമൊരുങ്ങിക്കഴിഞ്ഞു.

image


ബസുകളുടെ വിവരം രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ എസ് എം എസ് ആയി ലഭിക്കുന്ന തക്ക വിധത്തിലുള്ള സംവിധാനമാണിത്. എസ് എം എസ് നോക്കി സ്‌കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ കുട്ടി എപ്പോള്‍ എത്തുമെന്നുമെല്ലാം രക്ഷിതാക്കള്‍ക്ക് മനസിലാക്കാം.

ടെക്‌നോപാര്‍ക്കിലെ റയിന്‍ കണ്‍സള്‍ട്ട് ടെക്‌നോളജിയാണ് സ്‌കൂള്‍ ബസുകളെ സംബന്ധിക്കുന്ന വിവരം രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണില്‍ എസ് എം എസായി ലഭിക്കുന്ന ആശയം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്‌കൂള്‍ ബസ് എത്തിയിരിക്കുന്ന സ്ഥലം, ബസിന്റെ വേഗത, റൂട്ട് ഇവ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം അപ്പപ്പോള്‍ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ സന്ദേശമായെത്തും. ഇതിനായി രക്ഷിതാക്കള്‍ ചെയ്യേണ്ടത് തങ്ങളുടെ ഫോണ്‍ നമ്പര്‍ കൃത്യമായി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം എന്നത് മാത്രമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ബസുകളില്‍ പരീക്ഷിച്ച സംവിധാനം വിജയകരമായി മുന്നോട്ടുപോകുകയാണ്. ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ എല്ലാ ബസുകളിലും സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂള്‍ ബസുകള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നെങ്കില്‍ അത് സംബന്ധിച്ച വിവരം, ദിശ മാറി പോകുന്നെങ്കില്‍, വാഹനം എവിടെയാണ് എത്തിയിട്ടുള്ളത് തുടങ്ങിയവയെല്ലാം രക്ഷകര്‍ത്താക്കള്‍ക്ക് മൊബൈല്‍ സന്ദേശമായി ലഭിക്കും. അതിനാല്‍തന്നെ രക്ഷിതാക്കള്‍ക്ക് വാഹനത്തെ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കും.

image


ബസ് ഏതെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രക്ഷിതാക്കളെ യഥാസമയം വിവരം അറിയിക്കുന്നതിനുള്ള സംവിധാനവും ഇതിനോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മാത്രം മതിയാകും, വിവരം അപ്പോള്‍തന്നെ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അതോറിറ്റിക്കും അറിയാന്‍ സാധിക്കും.

തിരുവനന്തപുരത്ത് കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ ബസുകള്‍ എവിടെയെത്തി എന്നതൊക്കെ അറിയാന്‍ കഴിയുന്ന സംവിധാനം രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്.