ഇലക്ഷന്‍ കമ്മീഷനെത്തി; സ്‌കൂള്‍ പാര്‍ലമെന്റിന്റെ നിറവില്‍ ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍

ഇലക്ഷന്‍ കമ്മീഷനെത്തി; സ്‌കൂള്‍ പാര്‍ലമെന്റിന്റെ നിറവില്‍ ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍

Tuesday August 23, 2016,

2 min Read

  ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളിലെ ഭാവിപൗരന്മാര്‍ വോട്ടുചെയ്തതിന്റെ ആവേശത്തിമിര്‍പ്പിലായിരുന്നു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് ഈ അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റിനെ തിരഞ്ഞെടുത്തത് മറക്കാനാവാത്ത അനുഭവമായി എല്ലാവര്‍ക്കും. നഴ്‌സറി മുതല്‍ പ്ലസ്ടു വരെയുള്ള സമ്മതിദായക വിദ്യാര്‍ത്ഥികളുടെ ചൂണ്ടുവിരലില്‍ ജനാധിപത്യപ്രക്രിയയുടെ ആദ്യത്തെ മായാത്ത മഷിപ്പാടുപതിഞ്ഞപ്പോള്‍, അതുയര്‍ത്തിക്കാണിച്ച് കൂട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും അദ്ധ്യാപകരെയും അവര്‍ അഭിവാദ്യംചെയ്തു.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഇലക്ക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു സ്‌കൂളില്‍ വോട്ടിംഗ് നടത്തിയത്. റിട്ടേണിങ് ഓഫീസര്‍, പ്രിസൈഡിങ് ഓഫീസേഴ്‌സ്, പോളിംഗ് ഓഫീസേഴ്‌സ് എന്നിവരെ സ്‌കൂള്‍ അധ്യാപകരില്‍ നിന്നും തന്നെയാണ് നിയമിച്ചത്. സ്‌കൂള്‍ പ്രസിഡന്റ്, ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേയ്ക്കാണ് വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടന്നത്. ഇരുപതിലേറെ സ്ഥാനാര്‍ത്ഥികള്‍, തങ്ങളുടെ ജനസമ്മതി പരീക്ഷിച്ച തിരഞ്ഞെടുപ്പിന് എല്ലാ ഔദ്യോഗികപരിപേഷവും ഉണ്ടായിരുന്നു. ക്രമസമാധാനപാലനത്തിന് സെക്യൂരിറ്റി സംവിധാനംഒരുക്കിയത് സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകളാണ്.

വോട്ടിംഗ് ക്രമീകരണങ്ങളും, മോക്ക്‌പോളും നടത്തി കൃത്യം 9.30 ന് വോട്ടിംഗ് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.30 നു വോട്ടിംഗ് അവസാനിക്കുമ്പോള്‍ 93.78% വോട്ടുകള്‍ പോള്‍ചെയ്തു. ക്യൂവിലുള്ളവര്‍ക്കും പ്രിസൈഡിങ് ഓഫീസറുടെ സ്ലിപ് വാങ്ങി വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. മുതിര്‍ന്നവരെക്കാല്‍ വേഗതയില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു വോട്ടുരേഖപ്പെടുത്താന്‍ നേഴ്‌സറി കുട്ടികള്‍ മികവുകാട്ടി. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനില്‍നിന്ന് അഡീഷണല്‍ സെക്രട്ടറിമാരായ സാജന്‍ സി.കെ, സന്തോഷ്, ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി ബാലരാജ്, ഡെപ്യൂട്ടി കളക്ടര്‍ ഡാലിസ് ജോര്‍ജ്, ഡെപ്യുട്ടി തഹസില്‍ദാര്‍ ജോസുകുട്ടി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേത്യത്വംനല്‍കി.

ഉച്ചകഴിഞ്ഞു 2.30 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ചെയ്തത് സംസ്ഥാന ഇലക്ക്ഷന്‍ കമ്മീഷനില്‍ നിന്നു തന്നെയുള്ള ഉദ്യോഗസ്ഥര്‍ ആണ്. ഇതു സംബന്ധിച്ച ഉത്തരവ് (നമ്പര്‍ 3626/B/2016) ജസ്റ്റിസ് ഭാസ്‌കരന്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന ഇലക്ക്ഷന്‍ കമ്മീഷന്റെ ഓഫീസില്‍ നിന്ന് കോട്ടയം ജില്ലാകളക്ടര്‍ക്കും, ജില്ലാഇലക്ക്ഷന്‍ ഓഫീസര്‍ക്കും ലഭിച്ചിരുന്നു.

മൂന്നു ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിരുന്നത്. ഓരോന്നിലും 4 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വീതം ഒരുക്കിയിരുന്നു. സ്‌കൂള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഗുരുപ്രഭാകരനേക്കാള്‍ 8 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുമാരി പാര്‍വ്വതി പി. വിജയിയായി. സ്‌കൂള്‍ ഹെഡ്‌ബോയി സ്ഥാനത്തേയ്ക്ക് തൊട്ടടുത്ത എതിരാളി അഭിനവ് തോമ്‌സണെക്കാള്‍ 54 വോട്ടുകള്‍ക്ക് സായൂജ് എറുവാങ്കായി വിജയിയായി. ഹെഡ് ഗേള്‍ സ്ഥാനത്തേയ്ക്ക് വിജയിച്ചത് കുമാരി അന്നാ എലിസബത്ത് ആന്റണി അണ് ഭൂരിപക്ഷം 9 വോട്ടുകള്‍. സ്‌കൂള്‍ സ്‌പോര്‍ട്ട്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച നാലുപേരില്‍ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അക്ഷയ് സാജന്‍ വിജയിയായി. സ്‌കൂളിന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചുനടന്ന വോട്ടെണ്ണലില്‍ വിജയികളുടെ നന്ദിപ്രകടനവും നടന്നു.