നിശബ്ദര്‍ക്കായി അക്ഷരവഴിയില്‍ വിജില ചിറപ്പാട്
ഇരട്ട ചങ്ങലയുടെ ബന്ധനത്താല്‍ വീര്‍പ്പുമുട്ടുന്ന ഒരു വിഭാഗം ജനതയാണ് ദളിത് സ്ത്രീകള്‍. ദളിതരെന്ന വിളിപ്പേരിനൊപ്പം സ്ത്രീ എന്ന പരിമിതിയും. ഇവരുടെ ഇടയില്‍ നിന്നും എഴുത്തിനെ പടവാളാക്കി ശാക്തീകരണത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുന്ന യുവ എഴുത്തുകാരിയാണ് വിജില ചിറപ്പാട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനിച്ച വിജില ഇന്ന് തലസ്ഥാന നഗരിയിലാണ് താമസം. വര്‍ണ്ണങ്ങള്‍ അന്യമായ സമൂഹത്തില്‍ നിന്നും സ്ത്രീ ശബ്ദം മാസികയുടെ ഒരു ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ഈ ദളിത് സാഹിത്യകാരി.
ദളിത് സാഹിത്യം കണ്ടു മടുത്ത വിലാപ ചരിതങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു രചന പാടവത്തിലൂടെയാണ് വിജിലയുടെ അക്ഷരപ്രയാണം. 'അടുക്കളയില്ലാത്ത വീട്', 'അമ്മ ഒരു കാല്പനിക കവിതയല്ല', 'പകര്‍ത്തിയെഴുത്ത്' തുടങ്ങിയ കവിതാ സമാഹരങ്ങളില്‍ സങ്കീര്‍ണ്ണത നിറഞ്ഞ ദളിത് സ്ത്രീകളുടെ ജീവിതം ലളിതമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്നു. അടുക്കളയുടെയും വിരിപ്പിന്റെയും ലോകത്തിനപ്പുറത്തേയ്ക്ക് തന്റെ സഹോദരങ്ങളെയും എത്തിക്കാന്‍ ശ്രമിക്കുകയാണ് ഈ എഴുത്തുകാരി.
പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധമില്ലാതെ മണ്ണിന്റെ മണവും കരിപുരണ്ട ശരീരവുമുള്ളവരാണ് വിജിലയുടെ കവിതകളിലെ സ്ത്രീകഥാപാത്രങ്ങള്‍. സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ദളിത് സ്ത്രീകളുടെ അടിമത്വത്തിന്റെയും അതിനെതിരെയുള്ള അവരുടെ പോരാട്ടത്തിന്റെയും കഥ പറയുകയാണ് വിജില. ജീവിത പങ്കാളിയും എഴുത്തുകാരനുമായ രാജേഷ് ചിറപ്പാടിന്റെ സൗഹൃദത്തില്‍ തന്റെ ജനതയുടെ വിമോചന സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുന്ന വിജില, ദളിത് സ്ത്രീകള്‍ക്ക് മുഴുവന്‍ മാതൃകയാണ്. തൂലികയെ ആയുധമാക്കി നിരവധിപേര്‍ മുന്‍പേ നടന്നു പോയിട്ടുണ്ടെങ്കിലും ദളിത് സാഹിത്യത്തിന്റെ പുറംചട്ട പൊളിക്കുന്ന തരത്തിലുള്ള എഴുത്തുകാര്‍ വിരളമാണ്. കാലങ്ങളായി സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ കടുത്ത രോഷമാണ് വിജിലയുടെ കവിതകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പുതിയ തലമുറയ്ക്ക് ആവേശവും ധൈര്യവും പകരുന്ന തരത്തിലുള്ള മൂര്‍ച്ചയേറിയ വാക്കുകളാണ് ഈ കവിതകളുടെ നട്ടെല്ല്.
സമൂഹം വാര്‍ത്തെടുത്ത അച്ചുകളിലുറയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവശേഷിക്കുന്നുണ്ട്. ഇവരെ മറകള്‍ നീക്കി, ബന്ധനങ്ങള്‍ തച്ചുടച്ച് മുന്‍നിരയിലേക്ക് കൊണ്ടുവരികയെന്ന ദൗത്യമാണ് ഈ യുവ കവയത്രി ഏറ്റെടുത്തിരിക്കുന്നത്. പുരോഗമനവും രാഷ്ട്രീയവും എത്തിനോക്കാത്ത ഈ ദിക്കില്‍ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും നേരിയ ചെറുത്തുനില്പുകളുമായി ജീവിക്കുന്ന ഇത്തരം വനിതകളെ സമൂഹം അടുത്തറിയേണ്ടതുണ്ട്. പ്രതിബന്ധങ്ങളേറിയ വഴികളിലൂടെ നടന്ന് സാഹിത്യത്തിന്റെ വിശാലമായ ലോകത്തെത്തി നില്‍ക്കുന്ന വിജില തുറന്നിടുന്നത് സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ വാതായനങ്ങളാണ്.
ദളിത് സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന്റെ കഥ ആരാലും വായിക്കപ്പെടാത്ത ചരിത്രമാണ്. എപ്പോഴോ ചിതലരിക്കപ്പെട്ട ഏടുകളില്‍ അക്ഷരങ്ങള്‍ വികൃതമായിപ്പോയെങ്കിലും വിജിലയെപ്പോലുള്ള യുവ എഴുത്തുകാര്‍ അവ കൂട്ടി വായിക്കാന്‍ ശ്രമിക്കുന്നു. സൗഹൃദങ്ങള്‍ നല്‍കിയ പ്രചോദനമാണ് വിജില എന്ന പേരാമ്പ്രക്കാരിയെ ദളിത് സാഹിത്യക്കാരിയാക്കി മാറ്റിയത്. സ്‌കൂള്‍ ദിനങ്ങളില്‍ കണ്ടു വളര്‍ന്ന രണ്ടെന്ന ഭാവത്തെ കോളേജ് ദിനങ്ങള്‍ ഇല്ലാതാക്കി. കവിതയെഴുതാനും അത് മറ്റുള്ളവരില്‍ എത്തിക്കാനും കോളേജിലെ സഹപാഠികള്‍ വിജിലയെ സഹായിച്ചു.
ആയുധമായി തൂലികയെ തിരഞ്ഞെടുത്ത ഈ യുവ എഴുത്തുകാരിയുടെ ശൈലികള്‍ ഏറെ വിഭിന്നമാണ്. നിരാശയുടെ ഇരുള്‍ വീണ വഴിയിലേയ്ക്കല്ല ഈ കവിതകള്‍ വിരല്‍ ചൂണ്ടുന്നത്, പ്രത്യാശയുടെ മൊട്ടുകള്‍ വിടുരുന്ന പ്രഭാതമാണ് വിജിലയുടെ ലക്ഷ്യം. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തെയാണ് വിജില പ്രതിനിധാനം ചെയ്യുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിനും അനേകം ദശകങ്ങളുടെ പഴക്കമുണ്ട്.
ശാക്തീകരണം ആരംഭിക്കേണ്ടത് മനസുകളില്‍ നിന്നാണ്. മാനസികമായി ദളിതരെ പ്രാപ്തരാക്കാന്‍ വിജിലയുടെ സുദൃഢമായ വാക്കുകള്‍ക്ക് സാധിക്കുന്നു. പണിതീരാത്ത വീടുകളില്‍ നിന്നും വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന പേരാമ്പ്രയിലെ ദളിത് പെണ്‍കുട്ടികള്‍ക്ക് വിജിലയാണ് മാതൃക. നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാതെ വിദ്യാഭ്യാസം എന്ന ചിറക് വിരിച്ച് പറക്കാനാഗ്രഹിക്കുന്ന അനേകം പെണ്‍മനസുകളുടെ ആകെ തുകയാണ് ഈ കവിതകള്‍. സെമിനാറുകളും ബോധവത്കരണ ക്ലാസ്സുകളും ഒരു തരത്തിലുള്ള മാറ്റവും സൃഷ്ടിക്കാത്ത ദളിത് പെണ്‍മനസുകളില്‍ അനുകരണത്തിന്റെ വിത്തുപാകി അവരെ പുറം ലോകത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ വനിത. ശക്തമായ അടിയൊഴുക്കുള്ള ഒരു നീരുറവയാണ് ദളിത് സമൂഹം. അകത്തു നിന്നും പുറത്തു നിന്നും പ്രബലരായ എതിരാളികള്‍ വലവിരിച്ചിരിക്കുന്നു. കാലിടറി വീണവരുടെ എണ്ണമാണ് കൂടുതല്‍. പുറം ലോകം അറിയാതെ പോയ അനേകം കഥകളുറങ്ങുന്ന മനസും മണ്ണും മാത്രമാണ് ഈ പെണ്‍പടയക്ക് സ്വന്തമായുള്ളത്. മലയാള ദളിത് സാഹിത്യത്തിലെ നാഴികക്കല്ലുകളിലൊന്നായി വിജിലുടെ വരികളും അറിയപ്പെടാനിരിക്കുന്നു, എങ്കിലും വര്‍ണ്ണങ്ങള്‍ നിറഞ്ഞ ദളിത് സമൂഹമാണ് വിജില സ്വപ്നം കാണുന്നത്.
എഴുത്ത് പോലും വിലക്കപ്പെട്ട നാളുകളില്‍ നിന്ന് ദളിത് സാഹിത്യലോകത്തെ മുഖ്യധാരയില്‍ ഒരാളായി മാറാനായ സന്തോഷത്തിലാണ് വിജില. കവിതകളിലൂടെ മാറ്റം വരുത്താനാകുമോ എന്ന ചോദ്യത്തിന് ഉത്തമമായ മറുപടിയാണ് ഈ പെണ്‍ സുഹൃത്ത്. വിജിലയുടെ അക്ഷരങ്ങളുടെ സ്വാധീനത്തില്‍ വിദ്യാലയ മുറ്റത്തെത്തിയ ദളിത് പെണ്‍കുട്ടിള്‍ പേരാമ്പ്രയിലുണ്ട്.
കാലഹരണപ്പെട്ട മാമൂലുകളുടെ പേരില്‍ ഹനിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യന്റെ നേര്‍ക്കാഴ്ചയാണ് ഇത്തരം ആദിവാസി ഊരുകള്‍. അര്‍ഹിക്കുന്ന ചികിത്സയോ വിദ്യാഭ്യാസമോ ലഭിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഇവരില്‍ നിന്നു പുറത്തു വരുന്നവരാകട്ടെ സമൂഹത്തിന്റെ അപരിഷ്‌കൃതമായ തീ നാളങ്ങളില്‍പ്പെട്ട് എരിഞ്ഞടങ്ങുന്നു. മാറ്റം ദിനംപ്രതി കൊടുങ്കാറ്റായി വീശുന്ന കൊച്ചു കേരളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. പട്ടികജാതി/ ആദിവാസി ഫണ്ടുകളാണ് ഏറ്റവുമധികം അഴിമതിക്ക് വിധേയമായതും. വര്‍ഷം തോറും ആദിവാസി ഊരുകളുടെ പുരോഗമനത്തിനായി കേന്ദ്രത്തില്‍ നിന്നും ബില്ലുകള്‍ പാസ്സാകുന്നുവെങ്കിലും ചോര്‍ന്നൊലിക്കുന്ന കെട്ടുറപ്പില്ലാത്ത കുടിലും പ്രവര്‍ത്തനരഹിതമായ ആരോഗ്യ കേന്ദ്രങ്ങളും ഇന്നും ആദിവാസികള്‍ക്കുള്ളതാണ്.
'ജരാനരകള്‍ ബാധിച്ച്
പുറം കവര്‍ പൊളിഞ്ഞ
വായിക്കപ്പെടാത്ത ആത്മകഥ.'
വിജിലയുടെ വരികള്‍ തീക്ഷ്ണമാണ്, അര്‍ത്ഥങ്ങളുടെ ആഴക്കടലാണ് ഓരോ കവിതയും. ദളിത് വിമോചനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനാന്തരീക്ഷത്തില്‍ അംബേദ്കറുടെ സ്വപ്നങ്ങളെ പൂര്‍ത്തികരിക്കാന്‍ സ്വന്തം അക്ഷരങ്ങളിലൂടെ സാധിക്കുന്നത് വിജില ചെയ്യുന്നു. തൂലികയില്‍ പിറക്കുന്ന സ്വന്തം വാക്കുകളെ ചൂളിപ്പോകാതെ സമൂഹത്തിനു മുന്നിലെത്തിക്കുന്ന ഈ യുവപ്രതിഭ സത്രീ ശാക്തീകരണത്തിന്റെ പച്ചയായ ഉദാഹരണമാണ്. ദളിത് സാഹിത്യത്തിലെ മുന്‍നിര എഴുത്തുകാരായ എസ് ജോസഫ്, അമ്മു ദീപ, എം ആര്‍ രേണുകുമാര്‍, ധന്യ എം ഡി, എം ബി മനോജ് തുടങ്ങിയവര്‍ക്കൊപ്പം പ്രകാശിക്കുന്ന നക്ഷത്രമായി വിജില ചിറപ്പാടും മാറി കഴിഞ്ഞു. വരും ദിനങ്ങളില്‍ അനന്തമായ നീലാകാശം സമത്വത്തിന്റെ കുടയായി മാറുമെന്ന പ്രതീക്ഷയിലാണ് വിജില.