ക്യാന്‍സറിനെ അതിജീവിച്ച് മംമ്ത...ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സിനിമാ ലോകം..
ക്യാന്‍സറിനെ അതിജീവിച്ച് മംമ്ത മോഹന്‍ദാസിന്റെ രണ്ടാം തിരിച്ചുവരവ്. ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയവുമായാണ് മംമ്ത വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഡിസംബര്‍ 25ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. മയൂഖം എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ സിനിമാ പ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ട നേടിയ മംമ്തയുടെ രോഗ വിവരം മലയാളികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ക്യാന്‍സറിനെ അതിജീവിച്ച് ആദ്യം മടങ്ങി വന്നെങ്കിലും വീണ്ടും രോഗ ലക്ഷണങ്ങള്‍ മംമ്തയെ പിന്തുടുകയായിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ പൂര്‍വാധികം ഊര്‍ജ്ജസ്വലയാണ് മംമ്ത.
രോഗ നാളുകളില്‍ ജീവന്‍ പോയി കിട്ടാന്‍ പോലും പ്രാര്‍ത്ഥിച്ചിരുന്നതായി മംമ്ത പറയുന്നു. ഒരു ഗ്ലാസ് വെള്ളം എടുത്തു നല്‍കാന്‍പോലും ആരും ഇല്ലാത്ത അവസ്ഥകളുണ്ടായി. അപ്പോഴെല്ലാം കുടുംബാംഗങ്ങള്‍ താങ്ങും തണലുമായി ഒപ്പം നിന്നു. ടു കണ്‍ട്രീസ് എന്ന സിനിമക്ക് വേണ്ടി ദിലീപേട്ടനാണ് തന്റെ പേര് നിര്‍ദേശിച്ചത്- മംമ്ത പറയുന്നു. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ദിലീപ്- മംമ്ത താരജോഡികള്‍ ഒന്നിച്ചഭിനയിച്ച മൈ ബോസ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് യു കണ്‍ട്രീസ്.
ടു കണ്‍ട്രീസിന്റെ തിരക്കഥ കേട്ടശേഷം അതിന്റെ നായികാ കഥാപാത്രത്തിന് ഇണങ്ങുന്നയാള്‍ മംമ്ത മാത്രമാണെന്നായിരുന്നു ദിലീപിന്റെ അഭിപ്രായം. ഇത് സംവിധായകനായ ഷാഫിയോട് പങ്കുവെച്ചു. ദിലീപിന്റെ അതേ അഭിപ്രായം തന്നെയായിരുന്നു ഷാഫിക്കും. അമേരിക്കയില്‍ ചികിത്സയിലായിരുന്ന മംമ്തയുടെ സൗകര്യാര്‍ത്ഥമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ക്യാനഡയിലേക്ക് മാറ്റിയത്. തന്റെ സൗകര്യാര്‍ത്ഥം ഷൂട്ടിംഗും മാസങ്ങള്‍ മാറ്റിവെച്ചു-മംമ്ത പറയുന്നു.
ഷൂട്ടിംഗിനിടയിലും മംമ്തക്ക് അമേരിക്കയില്‍ ചികിത്സക്ക് പോകേണ്ടതുണ്ടായിരുന്നു. പരിശോധന കഴിഞ്ഞ് പുലര്‍ച്ചെ ഷൂട്ടിംഗ് സെറ്റിലെത്തിയാലും യാതൊരു ക്ഷീണവും കൂടാതെ തന്റെ റോള്‍ ഭംഗിയായി പൂര്‍ത്തിയാക്കുന്ന മംമ്തയെയാണ് എല്ലാവരും കാണുന്നത്.
തന്റെ ആത്മ ധൈര്യവും അനുകൂല ചിന്താഗതിയുമാണ് രോഗത്തെ അതിജീവിക്കാന്‍ മംമ്തക്ക് കരുത്തേകിയത്. സിനിമാ മേഖലയില്‍നിന്നും വലിയ പിന്തുണ കിട്ടി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെയും മംമ്ത നന്ദിയോടെ സ്മരിക്കുന്നു. തനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയവരില്‍ ഒരാളാണ് മമ്മൂക്ക. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ വലിയ ഉത്കണ്ഠ ഉള്ളയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ മമ്മൂക്കയോടുള്ള ബഹുമാനവും വര്‍ധിച്ചെന്നും മംമ്ത പറയുന്നു.
മയൂഖം എന്ന ചിത്രത്തിലൂടെ തിളങ്ങി മറ്റ് നിരവധി കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച സമയത്താണ് മംമ്തക്ക് ആദ്യം രോഗബാധ ഉണ്ടായത്. എന്നാല്‍ തളരാതെ ചികിത്സിച്ച് ഭേദമാക്കി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ രോഗത്തെ അതിജീവിച്ച് തിരിച്ചെത്തുന്ന മംമ്ത ഇനിയും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
അനുബന്ധ സ്‌റ്റോറികള്‍
1. അവന്‍ പിന്നെയും വന്നു, ഞാന്‍ ഗുഡ്‌ബൈ പറഞ്ഞു: ഇന്നസെന്റ്
2. മലയാളിയുടെ മനസില്‍ തൊട്ട് മഞ്ജു വാര്യര്‍