ഞാറനീലിയിലെ കുരുന്നുകള്‍ക്ക് ഇത് മറക്കാനാകാത്ത പുതുവര്‍ഷം
ഞാറനീലിയിലെ കുരുന്നുകളുടെ പുതുവത്സരാഘോഷത്തിന് ഇരട്ടി മധുരം. പട്ടികവിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന പാലോട് ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ പുതുവല്‍സര ആഘോഷിക്കാനും കുട്ടികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒപ്പം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും എത്തിയപ്പോള്‍ കുരുന്നുകള്‍ക്ക് കൗതുകം. തുടര്‍ന്ന് ഇവര്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ച മന്ത്രിമാര്‍ ഇവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാരനടപടികള്‍ പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ചയൂണും കഴിച്ചാണ് മടങ്ങിയത്.
കായികമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളിന് ഗ്രൗണ്ടിനായി വനംവകുപ്പില്‍ നിന്ന് ഒരു ഹെക്ടര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാര്‍ഥികള്‍ക്കുള്ള പുതുവല്‍സരസമ്മാനമായി മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ പ്രഖ്യാപിച്ചു. പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കാനുള്ള ഫണ്ട് പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് അനുവദിപ്പിക്കും. സ്‌കൂളില്‍ വാഹനമില്ലാത്തതിനാല്‍ പുതിയ ബൊലേറോ വാന്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കൂടാതെ, ഗാന്ധിഗ്രാം പദ്ധതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ സ്‌കൂളിന് ഫിക്‌സഡ് ഡിപ്പോസിറ്റായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ പണം ഉപയോഗിച്ച് പ്ലസ് ടുവിന് കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിഗ്രാം സ്‌കോളര്‍ഷിപ്പായി ഓരോ വര്‍ഷവും നല്‍കാനുള്ള നടപടിയെടുക്കും.
പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുന്ന തുകയുടെ ഗുണം കൃത്യമായി അവര്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഉദ്യോഗസ്ഥന്‍മാര്‍ കൃത്യമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാത്തതും ഇടനിലക്കാര്‍ പലതും തട്ടിയെടുക്കുന്നതുമായ അവസ്ഥ മാറ്റിയെടുക്കാനും പിന്നാക്ക സമൂഹത്തിന് പുരോഗതിയുണ്ടാക്കാനുമാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പട്ടികവിഭാഗങ്ങളുടെ പൂര്‍ണസുരക്ഷയും സഹായവും ഉറപ്പുവരുത്തും. ഇതിന് പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, 200ട്രൈബല്‍ പോലീസുകാരെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് എടുത്തിട്ടുണ്ട്. ആദ്യഘട്ടമായി ഈവര്‍ഷം 50 പോലീസുകാരെയും 25 എക്‌സൈസ് ഗാര്‍ഡുമാരെയും നിയമിക്കാന്‍ ഉത്തരവിറങ്ങിയിട്ടുണ്ട്.
പിന്നാക്കവിഭാഗങ്ങളുടെ ദുരിതങ്ങള്‍ ചൂഷണം ചെയ്ത് കലാപങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളെ ആദിവാസി വിഭാഗം പിന്തുണയ്ക്കാത്തത് അവര്‍ക്ക് സര്‍ക്കാരിനോടും ജനാധിപത്യത്തോടുമുള്ള വിശ്വാസമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഞാറനീലി സ്‌കൂളില്‍ സ്ഥിരം ചികില്‍സാ സംവിധാനമൊരുക്കാനായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിന്റെ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് സ്‌കൂളിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഡ് ഓഫ് ഓണറോടെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മന്ത്രി രമേശ് ചെന്നിത്തലയേയും സംഘത്തെയും വരവേറ്റത്. സ്‌കൂളിലെത്തിയ മന്ത്രി ആദ്യം തന്നെ കുരുന്നുകളോട് സുഖവിവരങ്ങളും പഠനനിലവാരവും സൗകര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം കുരുന്നുകള്‍ക്കിടയിലേക്കിറങ്ങിചെന്ന മന്ത്രിമാര്‍ അവരുടെ ഗാനങ്ങള്‍ ആസ്വദിച്ചു. തുടര്‍ന്ന് മെസ്സിലെത്തി കുട്ടികള്‍ക്കിടയിലിരുന്ന് പുതുവല്‍സര കേക്ക് മുറിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പമെത്തിയിരുന്നു.
മന്ത്രി രമേശ് ചെന്നിത്തല കുടുംബസമേതമാണ് സ്‌കൂളില്‍ എത്തിയത്. ഭാര്യ അനിത, മകന്‍ രമിത്ത്, ഭാര്യാസഹോദരീപുത്രി മാളവിക എന്നിവരാണ് അദ്ദേഹത്തോടൊപ്പമെത്തിയത്. തുടര്‍ച്ചയായി നാലാമത് വര്‍ഷമാണ് മന്ത്രി രമേശ് ചെന്നിത്തല പട്ടികവര്‍ഗവിഭാഗങ്ങളുടെ ഊരുകളില്‍ പുതുവല്‍സരം ആഘോഷിക്കുന്നത്. അട്ടപ്പാടിയിലെ മേലേമുള്ളിയിലും താഴേമുള്ളിയിലും, അഗളിയിലെ ആനവായിലും വയനാട്ടിലെ മീനങ്ങാടിയിലെ മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന സ്ഥലങ്ങളിലുമാണ് അദ്ദേഹം മുന്‍വര്‍ഷങ്ങളില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയത്.