'മാനസി ജോഷി'; മനക്കരുത്തിന്റെ മറ്റൊരു പേര്
മാനസി ജോഷി..ഈ പേര് അധികം ആരും കേള്‍ക്കാന്‍ വഴിയില്ല. എന്താണ് ഈ മുംബൈ നിവാസിയായ 26കാരിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.. പ്രചോദനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങളാണ് ഈ ചെറുപ്പക്കാരി സ്വന്തം ജീവിതത്തിലൂടെ നമുക്ക് പകര്‍ന്നു തരുന്നത്.
പത്താമത്തെ വയസ് മുതല്‍ ബാഡ്മിന്റണ്‍ ജീവിതത്തിന്റെ ഭാഗമാക്കിയ മാനസി, സ്കൂള്‍, കോളേജ്, സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായെങ്കിലും മനസില്‍ ബാഡ്മിന്റണോടുള്ള താത്പര്യം അണയാതെ സൂക്ഷിച്ചിരുന്നു മാനസി. എന്നാല്‍ 2011 ഡിസംബര്‍ മാസത്തെ ഒരു സംഭവം മാനസിയുടെ ജിവിതമാകെ മാറ്റിമറിച്ചു. രാവിലെ തന്റെ സ്കൂട്ടറില്‍ ജോലിക്ക് പോകുകയായിരുന്ന മാനസിയെ ഒരു ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. ട്രക്കിന്റെ ചക്രം മാനസിയുടെ കാലിലൂടെ കയറിയിറങ്ങി കാല് പൂര്‍ണ്ണമായും ചതഞ്ഞരഞ്ഞു. രാവിലെ ഏകദേശം 9:30 ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരം 5:30 ഓടെയാണ് ഡോക്ടര്‍മാര്‍ മാനസിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
മാനസിയുടെ കാല് രക്ഷിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ ആവുന്നത്ര പരിശ്രമിച്ചു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇടത് കാലിന് അണുബാധ വര്‍ധിച്ചതിനാല്‍ കാല് പൂര്‍ണ്ണമായും മുറിച്ചു മാറ്റേണ്ടി വന്നു. ഈ കാര്യം ഡോക്ടര്‍ പറഞ്ഞപ്പോള്‍ മാനസി അദ്ദേഹത്തോട് ചോദിച്ചത് എന്തിനാണ് ഇത്രയും ദിവസം ആ കാല് വച്ചിരുന്നത് എന്നാണ്. ഇത് ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് മാനസി ഡോക്ടറോട് പറഞ്ഞു.
'ഇത് എന്റെ വിധിയാണ് എന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ മുന്പില് രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ ഒന്നുകില്‍ നഷ്ടപ്പെട്ടതിനെയോര്‍ത്ത് കരയുക അല്ലെങ്കില്‍ അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകുക. ഞാന്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. എന്നെ ആശുപത്രിയില്‍ കാണാന്‍ വരുന്നവരെല്ലാം സങ്കടപ്പെടുമായിരുന്നു. എന്നാല്‍ തമാശയൊക്കെ പറഞ്ഞ് അവരെ സന്തോഷിപ്പിച്ച് നിര്‍ത്തുമായിരുന്നു.' മാനസി പറയുന്നു.
'ഞാന്‍ പിന്നീട് ഫിസിയോതെറാപ്പി ചെയ്ത് എങ്ങനെ നടക്കാന്‍ കഴിയും എന്നതായി ശ്രമം. എന്നാല്‍ എന്റെ ഏറ്റവും വലിയ വിഷമം കുട്ടിക്കാലം മുതലേ എന്റെ മനസിനോട് ചേര്‍ത്തു നിര്‍ത്തിയ ബാഡ്മിന്റണ്‍ ഇനി കളിക്കാന്‍ സാധിക്കുമോ എന്നായിരുന്നു. കൃത്രിമ കാലില്‍ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെങ്കിലും സ്ഥിര പ്രയത്നം കൊണ്ട് ഞാന്‍ പതുക്കെ ബാഡ്മിന്റണ്‍ കളിച്ചു തുടങ്ങി. പിന്നീട് ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിയുമെന്നായപ്പോള്‍ മത്സരങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. എന്റെ ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് ദേശീയ ലെവലില്‍ കളിക്കാന്‍ തീരുമാനിച്ചത്. പ്രതീക്ഷ കൈവിടാത്ത മാനസി ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി. തുടര്‍ന്നാണ് ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോക പാര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി രാജ്യത്തിനു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് മാനസി നാട്ടില്‍ തിരിച്ചെത്തിയത്.
ബാഡ്മിന്റണിനു പുറമേ സ്ക്യൂബ ഡൈവിംഗിലും മാനസി പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആഴ്ചയില്‍ നാല് മണിക്കൂര്‍ ബാഡ്മിന്റണ്‍ പരിശീലനം നടത്തുന്ന മാനസി ഇന്ത്യയിലെ ഒട്ടുമുക്കാലും എല്ലാ സ്ഥലങ്ങളും കണ്ടു കഴിഞ്ഞു.അടുത്ത വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന അന്തരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് മാനസി.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എപ്പോഴും സന്തോഷമായിരിക്കുക, അതിനൊപ്പം ഇഷ്ടമുള്ള കാര്യങ്ങള്‍ തടസ്സമില്ലാതെ ചെയ്യുക എന്നതൊക്കെയാണ്. സ്വതന്ത്രമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റേതായ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് എന്റെ ആഗ്രഹം.' മാനസി പറഞ്ഞു നിര്‍ത്തുന്നു