'പശു സഖി' പദ്ധതിയുമായി കുടുംബശ്രീ
മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനലഭ്യതയും ഉറപ്പാക്കാന്‍ 'പശു സഖി' എന്ന പുതിയ പദ്ധതിയുമായി കുടുംബശ്രീ. പാല്, മാംസം മുട്ട എന്നിവയുടെ ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച പരിശീലന പരിപാടിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വനിതകളുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് മൃഗസംരക്ഷണ മേഖലയിലെ ഒരു കുടുംബശ്രീ ഇടപെടലാണ് പുതിയ പദ്ധതി.
ഇതിനായി സംസ്ഥാനതലത്തില്‍ 250 വനിതകളെ തിരഞ്ഞെടുത്ത് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. ഇവര്‍ പിന്നീട് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരായി പ്രവര്‍ത്തിക്കും. നിലവില്‍ കുടുംബശ്രീയുടെ സംഘക്കൃഷി മേഖലയിലുള്ള മാസ്റ്റര്‍ ഫാര്‍മേഴ്സിനു സമാനമായ പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി മൃഗസംരക്ഷണമേഖലയിലും നടപ്പാക്കുക. കുടുംബശ്രീയുടെ തന്നെ കാര്‍ഷികമൃഗസംരക്ഷണ മേഖലയില്‍ സംയോജിത കൃഷിരീതികള്‍ നടപ്പാക്കാന്‍ സംരംഭകര്‍ക്കാവശ്യമായ സഹായവും പിന്തുണയും നല്‍കുക എന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ പ്രധാന ചുമതല.
സംരംഭകര്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, സാങ്കേതികജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക, സംരംഭകരെ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക, മൃഗഡോക്ടര്‍മാരുടെയും കാര്‍ഷിക വിദഗ്ധരുടേയും സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പാല്, മാംസം, മുട്ട എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മാര്‍ക്കറ്റിംഗും വിപണനവും കാര്യക്ഷമായി നടപ്പാക്കും. പുതിയ പദ്ധതി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാന്‍ മറ്റു വകുപ്പുകളുടെ സംയോജനവും ഉറപ്പു വരുത്തും.
പദ്ധതി നടപ്പാക്കുന്നതോടെ കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന ക്ഷീരസാഗരംനേച്ചര്ഫ്രഷ് പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനും സാധിക്കും. സംസ്ഥാനം നേരിടുന്ന പാല്‍ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാവുന്ന ഒരു മികച്ച മാതൃകയാക്കി നേച്ചര്‍ഫ്രഷിനെ മാറ്റാനും പരിപാടിയുണ്ട്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ പാല് ഇതിലൂടെ ഉല്പാദിപ്പിക്കാനാകും എന്നതാണ് ഏറ്റവും വലിയ നേട്ടം.
കേരളത്തിന്റെ കാര്‍ഷിക സംസ്കാരവുമായി ഏറ്റവും ഇണങ്ങി നില്ക്കുന്ന ഒരു തൊഴില്‍ മേഖല കൂടിയായതിനാല്‍ നിരവധി അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ ജൈവക്കൃഷിക്കൊപ്പം സംയോജിത കൃഷിരീതിയും ഒരുമിച്ചു കൊണ്ടുപോകാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.