പോളി പ്രൊപ്പിലിന്‍ കൈകാലുകള്‍ക്ക് പ്രിയമേറുന്നു
മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ വിഭാഗം നിര്‍മ്മിച്ച് വരുന്ന ഭാരം കുറഞ്ഞ പോളി പ്രൊപ്പിലിന്‍ കൈകാലുകള്‍ക്ക് പ്രിയമേറുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോയുടെ പോളി പ്രൊപ്പിലിന്‍ അടിസ്ഥാന ഘടകമായി ഉപയോഗിച്ചാണ് ഇവിടെ ഇത്തരം കൈകാലുകള്‍ നിര്‍മ്മിക്കുന്നത്. കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ് ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ വിഭാഗം. മെഡിക്കല്‍ കോളേജിലെ പോസ്റ്റാഫീസിന് സമീപമാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കൈകാലുകള്‍, ചലന സഹായി, ബെല്‍റ്റ്, ഊന്നുവടി എന്നിവ ഇവിടെ നിര്‍മ്മിച്ച് നല്‍കുന്നു. 1965 ലാണ് മെഡിക്കല്‍ കോളേജില്‍ ഈ നിര്‍മ്മാണ കേന്ദ്രം തുടങ്ങിയതെങ്കിലും 1972 ലാണ് ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ വിഭാഗമായത്. കൃത്രിമ കൈകാലുകള്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ തന്നെ അപൂര്‍വ സ്ഥാപനങ്ങളിലൊന്നാണ് ഇത്. മധ്യ-തെക്കന്‍ കേരളത്തിലേയും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലേയും ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രം കൂടിയാണ്.
കേരളത്തിലെ വിവിധ ആശുപത്രികളില്‍ വിവിധ കാരണങ്ങളാല്‍ കൈകാലുകള്‍ മുറിക്കാറുണ്ടെങ്കിലും കൃത്രിമ കൈകാലുകള്‍ നിര്‍മ്മിച്ച് ഉറപ്പിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ഇവിടം. കൃത്രിമ കൈകാലുകള്‍ക്കായി വരുന്നവരില്‍ 70% പേര്‍ക്കും പ്രമേഹം കാരണമാണ് കൈകാലുകള്‍ നഷ്ടപ്പെട്ടത്. 20% പേര്‍ അപകടത്തിലും മറ്റുള്ളവര്‍ ക്യാന്‍സര്‍ തുടങ്ങിയ മറ്റ് കാരണങ്ങള്‍ കൊണ്ടും കൈകാലുകള്‍ നഷ്ടപ്പെട്ടവരുമാണ്.
ആരംഭ സമയത്ത് തടികൊണ്ട് നിര്‍മ്മിച്ച കൈകാലുകളാണ് ഇവിടെ നിന്നും നിര്‍മ്മിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയോടെ തീരെ ഭാരം കുറഞ്ഞ പോളി പ്രൊപ്പിലിന്‍ കൈകാലുകളാണ് നിര്‍മ്മിക്കുന്നത്. ഓരോരുത്തരുടേയും അളവെടുത്താണ് അനുയോജ്യമായ കൈകാലുകള്‍ ഉണ്ടാക്കുന്നത്. ജയ്പൂര്‍ കാലുകളും, പ്രാദേശികമായി വികസിപ്പിച്ചെടുത്ത കാലുകളും ആവശ്യമായ മാറ്റം വരുത്തിയും നല്‍കാറുണ്ട്.
അത്യാധുനിക യന്ത്ര സഹായത്തോടെ പ്രത്യേകം പരിശീലനം സിദ്ധിച്ച മുപ്പതോളം ടെക്‌നീഷ്യന്‍മാരാണ് ഇത്തരം കൃത്രിമ കൈകാലുകള്‍ നിര്‍മ്മിക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി 25,000 രൂപ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കുവരെ ഇവ തികച്ചും സൗജന്യമായി നല്‍കുന്നു. ഇതൊരു റഫറല്‍ ആശുപത്രിയായതിനാല്‍ മറ്റുള്ള ആശുപത്രികളില്‍ നിന്നും റഫറല്‍ കത്തുമായി വേണം ഇവിടെ വരാന്‍. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഇവിടെ ഒ.പി. സൗകര്യമുണ്ട്.
കഴുത്ത്, സന്ധി, നടുവ് തുടങ്ങിയ ശരീര ഭാഗങ്ങളിലെ വേദനകള്‍ക്കും പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ടവര്‍, സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍, കൈകാലുകള്‍ തളര്‍ന്നവര്‍ എന്നിവര്‍ക്കും ഇവിടെനിന്നും ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടാക്കി നല്‍കുന്നു.
സുസജ്ജമായ ഫിസിയോ തെറാപ്പി ചികിത്സയും ഇവിടെ ലഭ്യമാണ്. അപകടം, അസുഖം, ശസ്ത്രക്രിയ എന്നിവയിലൂടെ കൈകാല്‍ ചലിപ്പിക്കാന്‍ പറ്റാത്തവര്‍ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സകളും വ്യായാമ മുറകളും ഇവിടെ നിന്നും നല്‍കുന്നു.
ഇതുകൂടാതെ പ്രത്യേക അസുഖം വന്നവരെ ചികിത്സിക്കാനായി വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഇവിടെയുണ്ട്. തലച്ചോറിന്റെ വളര്‍ച്ചാക്കുറവ് കാരണം കൈകാലുകള്‍ക്ക് പ്രവര്‍ത്തന ക്ഷമതയില്ലാത്ത കുട്ടികളെ ചികിത്സിക്കാനായി സെറിബ്രല്‍ പാള്‍സി, കൈകാല്‍ വഴക്കമില്ലാത്തവര്‍ക്കായി സ്‌പെഷ്യാലിറ്റി ക്ലിനിക്, പക്ഷാഘാതം വന്നവര്‍ക്കായുള്ള റീഹാബിലിറ്റേഷന്‍ ക്ലിനിക്, അമിത ഭാരം കുറക്കാനായി ഒബ്യൂസിറ്റി ക്ലിനിക്, ജീവിത ശൈലി രോഗങ്ങള്‍ക്കായുള്ള ലൈഫ് സ്‌റ്റൈല്‍ ക്ലിനിക്, ഹീമോഫീലിയ രോഗങ്ങള്‍ക്കായുള്ള ഹീമോഫീലിയ ക്ലിനിക്ക് എന്നിവയാണവ. ജ•നായുള്ള വൈകല്യം ശരിയാക്കാനായി സുസജ്ജമായ ഓപ്പറേഷന്‍ തീയറ്ററും ഇവിടെയുണ്ട്. അംഗവൈകല്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇവിടത്തെ ഡിസബലിറ്റി ബോര്‍ഡാണ്. ഇതുകൂടാതെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയും നടപ്പാക്കി വരുന്നു. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്തവരെ അവിടെ സന്ദര്‍ശിച്ച് ചികിത്സിക്കുകയും അവര്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയും ചെയ്യുന്നു.
മൂന്നു വര്‍ഷത്തെ എം.ഡി. പി.എം.ആര്‍, രണ്ട് വര്‍ഷത്തെ ഡി.പി.എം.ആര്‍. ഡിപ്ലോമ കോഴ്‌സും ഈ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ. ശ്രീകല വി.കെ, ഡോ. പ്രൊഫ. എസ്. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ഈ വിഭാഗം നയിക്കുന്നത്.